കോവിഡ് നിയന്ത്രണം : ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ വിവാഹം മാറ്റിവച്ചു
Monday, January 24, 2022 1:14 AM IST
വില്ലിംഗ്ടണ്‍: ന്യൂസിലൻഡിൽ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചെന്നും തന്റെ വിവാഹം നീട്ടിവച്ചതായും ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആൻഡേണ് അറിയിച്ചു.
ഒരു വിവാഹത്തിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ ഒന്‍പതു പേർക്കും ഒരു ഫ്ളൈറ്റ് അറ്റൻഡന്റിനും ഒമിക്രോണ്‍ സ്ഥിരീകരിച്ചതെത്തുടർന്നാണ് ഞായറാഴ്ച ന്യൂസിലൻഡിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വാക്സിനെടുത്ത 100 പേർക്കു വരെ പൊതുചടങ്ങുകളിൽ പങ്കെടുക്കാം. 15,104 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗം ബാധിച്ചത്. 52 പേർ മരിച്ചു.
41 കാരിയായ ജസീന്തയും പങ്കാളി ക്ലർക്ക് ഗേഫോഡും തമ്മിലുള്ള വിവാഹം ഈ മാസം നടത്താനാണ് നിശ്ചയിച്ചിരുന്നത്. 2013 മുതൽ സഹവസിക്കുന്ന ഇവർക്ക് ഒരു കുട്ടിയുണ്ട്.