ടോം ആദിത്യ രണ്ടാം തവണയും ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക് മേയര്‍
Saturday, January 22, 2022 12:02 AM IST
ലണ്ടൻ: ബ്രിട്ടണിലെ ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക് മേയറായി റാന്നി സ്വദേശി ടോം ആദിത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. റാന്നി ഈരൂരിക്കൽ ആദിത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബി മാത്യുവിന്റെയും മകനാണ് ടോം.
ബ്രിട്ടണിലെ ഭരണകക്ഷിയായ കണ്‍സർവേറ്റീവ് പാർട്ടിയുടെ തെക്കേ ഇന്ത്യക്കാരനായ ആദ്യ ജനപ്രതിനിധിയാണ് ടോം. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സിറ്റിയും ഒന്‍പതു ജില്ലകളും ഉൾപ്പെടുന്ന പോലീസ് ബോർഡിന്റെ വൈസ് ചെയർമാനായും ബ്രിസ്റ്റോൾ സിറ്റി കൗണ്‍സിലിന്റെ സാമുദായിക സൗഹാർദ്ദ സമിതിയുടെ ചെയർമാനായും ടോം ആദിത്യ സേവനം ചെയ്യുന്നു.
പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ 2007 മുതൽ ഇക്വാലിറ്റീസ് കമ്മീഷൻ ചെയർമാനായും പിന്നീട് കൗണ്‍സിലറായും 2017 മുതൽ ഡെപ്യൂട്ടി മേയറായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ടോളമായി ഇംഗ്ലണ്ടിൽ മാനേജ്മെന്റ് കണ്‍സൾട്ടന്റായും പ്രഭാഷകനായും മനുഷ്യാവകാശ പ്രവർത്തകനായും സാമൂഹ്യ ശാസ്ത്ര ഗവേഷകനായും അദ്ദേഹം രംഗത്തുണ്ട്.
കാഞ്ഞിരപ്പള്ളി രൂപതയിലെ റാന്നി ഫൊറോന ഇടവകാംഗമായ ടോം കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ സമിതിയംഗം കൂടിയാണ്.
ഭാര്യ: ലിനി എരുമേലി മഞ്ഞാങ്കൽ കുടുംബാംഗമാണ്. മക്കൾ: അഭിഷേക്, അലീന, ആൽബർട്ട്, അഡോണ, അൽഫോൻസ്.
ജോസ് കുമ്പിളുവേലില്‍