തിരിച്ചടിച്ചു സൗദി; യെമനിൽ വ്യോമാക്രമണം
Tuesday, January 18, 2022 11:56 PM IST
സന/ടെഹ്റാൻ: യെമൻ തലസ്ഥാനമായ സനയിൽ സൗദിയുടെ വ്യോമാക്രമണം. പാർലമെന്റ് മന്ദിരത്തിലും മിലിട്ടറി അക്കാഡമിയിലും ഇന്നലെ രാവിലെ ബോംബ് പതിച്ചു.
അബുദാബിയിലെ എണ്ണ സംഭരണ ടാങ്കുകൾക്കു നേരേ ഹൗതി വിമതർ നടത്തിയ ഡ്രോൺ ആക്രമത്തിനു തിരിച്ചടിയായാണ് സൗദിയുടെ വ്യോമാക്രമണം. തിങ്കളാഴ്ച എണ്ണടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നു പേരാണു മരിച്ചത്.
സനയിൽ ഹൗതികളുടെ ശക്തി കേന്ദ്രങ്ങളിലും അവരുടെ ക്യാന്പുകളിലുമാണ് വ്യോമാക്രമണം നടത്തിയതെന്ന് സൗദി അറിയിച്ചു. യെമനിൽ എൺപതിലധികം ഹൗതി വിമതരെ വധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. 17 തവണയാണ് ആക്രമണം നടത്തിയത്. ആയുധ കേന്ദ്രങ്ങൾ നശിപ്പിച്ചു.
യെമനിൽ വ്യോമാക്രമണം നടത്തുമെന്നു സൗദി സഖ്യം തിങ്കളാഴ്ചതന്നെ പ്രഖ്യാപിച്ചിരുന്നു.തിങ്കാഴ്ച രാത്രി മുഴുവൻ വ്യോമാക്രമണമുണ്ടായി. സനയ്ക്കു വടക്കു പടിഞ്ഞാറ് അൽ-ലിബി ജില്ലയിൽ സൗദിയുടെ വ്യോമാക്രമണത്തിൽ അഞ്ച് വീടുകൾ തകർന്നു. നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു.
അൽമുസാഫ ഐക്കാഡ് സിറ്റിയിലെ മൂന്ന് എണ്ണ സംഭരണ ടാങ്കാണു ഡ്രോൺ ആക്രമണത്തിൽ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.