ജോണ് പോൾ ഒന്നാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
Thursday, October 14, 2021 2:06 AM IST
വത്തിക്കാൻ സിറ്റി: ജോണ് പോൾ ഒന്നാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്.
ഗുരുതര രോഗം ബാധിച്ച അർജന്റീനിയൻ സ്വദേശിനിയായ ഒരു പതിനൊന്നുകാരി രോഗമുക്തി നേടിയ സംഭവത്തെ ജോൺ പോൾ ഒന്നാമൻ പാപ്പായുടെ മാധ്യസ്ഥ്യത്താൽ നടന്ന അത്ഭുതമായി ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. 2011ലാണ് ഈ രോഗശാന്തി നടന്നത്.
വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും. നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ മർചെല്ലോ സെമെരാറോ ബുധനാഴ്ച ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചിരുന്നു.
1978 ഓഗസ്റ്റ് 26നു മാർപാപ്പയായി സ്ഥാനമേറ്റ ജോണ് പോൾ ഒന്നാമൻ 33 ദിവസത്തിനുശേഷം സെപ്റ്റംബർ 28നു കാലം ചെയ്തു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
1912 ഒക്ടോബർ 17ന്് വടക്കൻ ഇറ്റലിയിലെ കനാലേ ദഗോർദോ എന്ന ഗ്രാമത്തിലാണു ജോണ് പോൾ ഒന്നാമൻ ജനിച്ചത്. ഏറ്റവും കുറഞ്ഞകാലം മാർപാപ്പയായിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
പുഞ്ചിരിക്കുന്ന പാപ്പാ എന്ന പേരിൽ പ്രസിദ്ധനായിരുന്ന ജോൺ പോൾ ഒന്നാമന്റെ ലാളിത്യവും വിനയവും നർമബോധവും ജനങ്ങളെ കീഴടക്കിയിരുന്നു.