മംഗോളിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുൻ പ്രധാനമന്ത്രി ഖുരേൽസുഖിനു വിജയം
Friday, June 11, 2021 12:12 AM IST
ഉലാൻബതർ: മംഗോളിയയിൽ മുൻ പ്രധാനമന്ത്രിയും മംഗോളിയൻ പീപ്പിൾസ് പാർട്ടി നേതാവുമായ ഉഖനാ ഖുരേൽസുഖിന് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ വിജയം. 1990നു ശേഷം രാജ്യത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ആറാമത്തെ പ്രസിഡന്റാണ് ഖുരേൽസുഖ്.
ഡോമോക്രാറ്റിക് പാർട്ടി നേതാവ് സൊഡ്നോംസുൻദുയി എൻഡേനെയും റൈറ്റ് പേഴ്സണ്‍ ഇലക്ടറേറ്റ് സഖ്യ നേതാവ് ദങ്കാസുരേൻ എൻഖാബതിനെയുമാണ് ഖുരേൽസുഖ് പരാജയപ്പെടുത്തിയത്. 99 ശതമാനം വോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ ഖുരേൽസുഖിന് 8,21,136 വോട്ടുകൾ ലഭിച്ചു. ആകെ വോട്ടുകളുടെ 68 ശതമാനം വരുമിത്. 2,42, 805 വോട്ടുകളോടെ എൻഖാബതാണു രണ്ടാംസ്ഥാനത്തെത്തിയത്. എൻഡേന് 72,569 വോട്ടുകൾ ലഭിച്ചു.
കോവിഡിനെ നേരിടാൻ സർക്കാർ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി ജനം തെരുവിലിറങ്ങിയതോടെ പ്രതിഷേധം ഭയന്നാണ് കഴിഞ്ഞവർഷം പ്രധാനമന്ത്രിസ്ഥാനം ഖുരേൽസുഖ് രാജിവച്ചത്.