അൽബേനിയയിൽ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു
Wednesday, June 9, 2021 11:49 PM IST
ടിരാന: ഭരണഘടനാലംഘനം നടത്തിയെന്ന കുറ്റം ചുമത്തി അൽബേനിയൻ പാർലമെന്റ് പ്രസിഡന്റ് ഇലിൽ മേതയെ ഇംപീച്ച് ചെയ്തു. പാർലമെന്റിന്റെ അസാധാരണമായ സെഷനിൽ നടന്ന വോട്ടെടുപ്പിൽ ഏഴിനെതിരേ 107 വോട്ടിനാണ് പ്രസിഡന്റിനെ പുറത്താക്കിയത്. മൂന്നുപേർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. മൂന്നു മാസത്തിനുള്ളിൽ ഭരണഘടനാ കോടതി അന്തിമവിധി പ്രഖ്യാപിക്കും.
ഏപ്രിൽ 25ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനിടെ ഭരണകക്ഷിയായ സോഷ്യലിസ്റ്റുകൾക്കെതിരേ തിരിഞ്ഞതും അക്രമത്തിനു പ്രേരിപ്പിച്ചതും ഭരണഘടനയുടെ 16-ാം വകുപ്പിന്റെ ലംഘനമാണെന്ന് പാർലമെന്ററി സമിതി കണ്ടെത്തിയിരുന്നു. 98 പേജുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇംപീച്ച്മെന്റ് നടപടികൾ. തെരഞ്ഞെടുപ്പിൽ140ൽ 74 സീറ്റുകൾ നേടി സോഷ്യലിസ്റ്റുകൾ മൂന്നാം തവണയും ഭരണം പിടിച്ചെടുത്തിരുന്നു. 93 വോട്ടുകളാണ് ഇംപീച്ച് ചെയ്യാൻ വേണ്ടിയിരുന്നത്.