ഇറാൻ ആണവനിലയത്തിൽ വൈദ്യുതി തകരാർ
Monday, April 12, 2021 1:09 AM IST
ദുബായ്: യൂറേനിയം സന്പുഷ്ടീകരണം നടക്കുന്ന ഇറാന്റെ നാന്റസ് ഭൂഗർഭ ആണവനിലയത്തിൽ വൈദ്യുതിബന്ധം തടസപ്പെട്ടു. ഇസ്രയേലിന്റെ സൈബർ ആക്രമണമാണ് വൈദ്യുതിബന്ധം നഷ്ടപ്പെടാനുള്ള കാരണമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര ആണവ നിരീക്ഷണ സംഘം പരിശോധനയ്ക്കായി ഇറാനിലെത്തിയപ്പോഴാണു സംഭവമുണ്ടായത്.
വൈദ്യുതി ബന്ധം നഷ്ടപ്പെട്ട ശനിയാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ ചർച്ചകൾക്കായി ഇസ്രയേലിൽ എത്തിയിരുന്നു. യുഎസുമായി സൈനിക സഹകരണമുള്ള രാജ്യമാണ് ഇസ്രയേൽ.
വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത് ആണവ നിലയത്തിന്റെ പ്രവർത്തനത്തെ സാരമയി ബാധിച്ചതായി സിവിൽ ആണവ പദ്ധതി വക്താവ് ബെഹ്റൂസ് കമൽവന്ദി പറഞ്ഞു. അപകടത്തിൽ ആളപായമില്ലെന്നും അദ്ദേഹം പറഞ്ഞു.