ട്രംപിനു വീണ്ടും തിരിച്ചടി; അപ്പീലും തള്ളി
Sunday, November 29, 2020 12:18 AM IST
വാഷിംഗ്ടൺ ഡിസി: യുഎസിലെ പെൻസിൽവേനിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പു ക്രമക്കേട് ആരോപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നല്കിയ ഹർജി അപ്പീൽ കോടതിയും തള്ളി. മൂന്നിനു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഈ സംസ്ഥാനത്ത് ലഭിച്ച ലക്ഷക്കണക്കിനു വരുന്ന തപാൽവോട്ടുകൾ അസാധുവാക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ കോടതി ഈ ആവശ്യം നേരത്തേ തള്ളിയിരുന്നു.
ആരോപണങ്ങൾക്കു വ്യക്തമായ തെളിവില്ലെന്നു പറഞ്ഞ് മൂന്നാം സർക്യൂട്ട് അപ്പീൽ കോടതിയിലെ മൂന്നംഗ ബെഞ്ചും ഹർജി തള്ളുകയായിരുന്നു. അതേസമയം സുപ്രീംകോടതിയിൽ പോകുമെന്ന് ട്രംപ് ടീമിന്റെ അഭിഭാഷക ജെന്ന എല്ലിസ് പ്രതികരിച്ചു.
ജോ ബൈഡന്റെ തെരഞ്ഞെടുപ്പു വിജയം അംഗീകരിക്കുമെന്ന സൂചന ട്രംപ് വ്യാഴാഴ്ച നല്കിയിരുന്നു. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം അദ്ദേഹം വെള്ളിയാഴ്ച ആവർത്തിച്ചു.