സിറിയയിൽ ഇസ്രേലി വ്യോമാക്രമണം
Thursday, November 19, 2020 12:09 AM IST
ടെൽ അവീവ്: സിറിയയിലെ ഇറേനിയൻ, സിറിയൻ സൈനിക കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച രാത്രി വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. ഇസ്രേലി അധിനിവേശ ഗൊലാൻ കുന്നുകളിലെ സൈനിക താവളങ്ങളിൽ സ്ഫോടനത്തിനു ശ്രമിച്ചതിന്റെ തിരിച്ചടിയാണിതെന്നും വ്യക്തമാക്കി.
സിറിയയിലെ ഇറേനിയൻ സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്താറുണ്ടെങ്കിലും അക്കാര്യം പരസ്യമായി സമ്മതിക്കുന്നത് അപൂർവമാണ്.
ചൊവ്വാഴ്ചയാണ് ഗൊലാൻ കുന്നുകളിലെ ഇസ്രേലി സൈനികതാവളങ്ങൾക്കു സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ഇറേനിയൻ സേനയിലെ വിദേശ ഓപ്പറേഷനുകൾ നടത്തുന്ന കുദ്സ് ഫോഴ്സിന്റെ നിർദേശാനുസരണം സിറിയൻ പട്ടാളക്കാരാണ് ഇതു കൊണ്ടുവച്ചതെന്ന് ഇസ്രയേൽ ആരോപിച്ചു.
സിറിയൻ പട്ടാളത്തിന്റെയും കുദ്സ് ഫോഴ്സിന്റെയും ആസ്ഥാനങ്ങളും സംഭരണ കേന്ദ്രങ്ങളും അടക്കം എട്ടിടത്ത് ഇസ്രേലി വിമാനങ്ങൾ മിസൈലുകൾ വർഷിച്ചു. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് നിരവധി മിസൈലുകൾ തകർത്തതായി സിറിയ അവകാശപ്പെട്ടു.
തങ്ങളുടെ മൂന്നു പട്ടാളക്കാർ കൊല്ലപ്പെട്ടുവെന്നാണ് സിറിയ അറിയിച്ചത്. അതേസമയം, അഞ്ച് ഇറേനിയൻ സ്വദേശികളടക്കം പത്തു പേർ കൊല്ലപ്പെട്ടതായി നിരീക്ഷണ സംഘടനകൾ പറഞ്ഞു.