കോവിഡ് നിയന്ത്രണങ്ങൾക്കെതിരേ ഇറ്റലിയിൽ തെരുവുയുദ്ധം
Wednesday, October 28, 2020 11:46 PM IST
റോം: കോവിഡ് രോഗബാധയെ ചെറുക്കാനുള്ള ഇറ്റാലിയൻ സർക്കാരിന്റെ നയങ്ങൾക്കെതിരേ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഇറ്റാലിയൻ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി. റോം, ടൂറിൻ, മിലാൻ, നേപ്പിൾസ്, ട്രിയെസ്ത്തെ, ലെച്ചെ, പെസ്ക്കാര തുടങ്ങിയ പട്ടണങ്ങളിലെല്ലാം വലിയ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ടൂറിനിൽ ജനങ്ങൾ അക്രമാസക്തരായി നിരവധി കച്ചവടസ്ഥാപനങ്ങൾ തകർക്കുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.
ഹോട്ടലുടമകളും ബാറുടമകളും ആഹ്വാനംചെയ്ത പ്രതിഷേധത്തിൽ വലതുപക്ഷ തീവ്രവാദികളും സാമൂഹ്യവിരുദ്ധരും നുഴഞ്ഞുകയറിയെന്നാണു കരുതുന്നത്. ഒരു ആഭ്യന്തരയുദ്ധം കഴിഞ്ഞതുപോലെ എന്നാണ് "ലാ റെപ്പുബ്ലിക്ക'എന്ന പത്രം എഴുതിയത്. പ്രഫഷണൽ സ്വഭാവമുള്ള ക്രിമിനലുകൾ സമാധാനപരമായ പ്രതിഷേധപരിപാടികളിൽ കയറിക്കൂടുന്നതു തടയണമെന്നു പ്രസിഡന്റ് ജൂസേപ്പേ കോന്തെ ആവശ്യപ്പെട്ടു.
നിയമപാലകർ കൂടുതൽ ജാഗരൂകത പാലിക്കണമെന്ന് സർക്കാർ വൃത്തങ്ങൾ നിർദേശം നൽകി.