അഫ്ഗാനിസ്ഥാനിൽ കാർബോംബ് ആക്രമണം; 12 മരണം
Monday, October 19, 2020 12:37 AM IST
കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഗോർ പ്രവിശ്യയിൽ പോലീസ് ആസ്ഥാനത്തുണ്ടായ ശക്തമായ കാർബോംബ് ആക്രമണത്തിൽ 12 സിവിലിയന്മാർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം നൂറിലധികം പേർക്കു പരിക്കേറ്റു.
പ്രവിശ്യാ തലസ്ഥാനമായ ഫിറോസ് കോഹിലെ പോലീസ് ആസ്ഥാനത്തിനു മുന്നിൽ ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സ്ഫോടനം. സമീപത്തെ കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, താലിബാനും അഫ്ഗാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കഴിഞ്ഞയാഴ്ചകളിൽ വർധിച്ചിട്ടുണ്ട്. അഫ്ഗാൻ സർക്കാരും താലിബാനും തമ്മിൽ ഖത്തറിൽ സമാധാന ചർച്ച ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.