യുഎസിലെ കാട്ടുതീ: മരണം 30
Sunday, September 13, 2020 11:59 PM IST
ലോസ് ആഞ്ചലസ്: പടിഞ്ഞാറൻ യുഎസിലെ കലിഫോർണിയ, ഒറേഗോൺ, വാഷിംഗ്ടൺ സംസ്ഥാനങ്ങളിൽ മൂന്നാഴ്ചയായി പടരുന്ന കാട്ടുതീകളിൽ 30 പേർ മരിച്ചു. ദശലക്ഷക്കണക്കിന് ഏക്കർ ഭൂമിയെ തീ വിഴുങ്ങി. ആയിരക്കണക്കിനു ഭവനങ്ങൾ ചാന്പലായി. പതിനായിരങ്ങൾ ഒഴിഞ്ഞുപോയി.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് കലിഫോർണിയ സന്ദർശിക്കും. വേണ്ടരീതിയിൽ വനം പരിപാലിക്കാതിരുന്നതാണു ദുരന്തത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കാട്ടുതീകളുടെ പ്രധാന കാരണം കാലാവസ്ഥാവ്യതിയാനമാണെന്നും ട്രംപ് ഈ വസ്തുതയെ നിരാകരിക്കുകയാണെന്നും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ നേരിടുന്ന ജോ ബൈഡൻ ചൂണ്ടിക്കാട്ടി.
നിലവിൽ ഒറേഗോണിൽ 16ഉം വാഷിംഗ്ടണിൽ 15ഉം വലിയ കാട്ടുതീകൾ പടരുന്നുണ്ട്. പുകമൂലം ഒറേഗോണിലെ ഏറ്റവും വലിയ നഗരമായ പോർട്ട്ലാൻഡ് ലോകത്തിലെ ഏറ്റവും വായുമലിനീകരണമുള്ള ഇടമായി. വാഷിംഗ്ടണിലെ സിയാറ്റിൽ, കലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ നഗരങ്ങളിലും വായു അതിഭീകരമായി മലിനമാണ്.