തീപിടിത്തം: തെരുവിലുറങ്ങി അഭയാർഥികൾ
Friday, September 11, 2020 12:07 AM IST
ആഥൻസ്: ലെസ്ബോസ് ദ്വീപിലെ മോറിയാ ക്യാന്പ് കത്തിനശിച്ചതിനെത്തുടർന്ന് കിടപ്പാടം നഷ്ടപ്പെട്ട 12,500ലധികം വരുന്ന അഭയാർഥികൾക്ക് അടിയന്തരമായി താമസം ഒരുക്കുന്നതിനു മൂന്നു കപ്പലുകൾ അയച്ചതായി ഗ്രീസ് അറിച്ചു.
ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ക്യാന്പ് മുഴുവനായി നശിച്ചിരുന്നു. അഭയാർഥികൾ ബുധനാഴ്ച രാത്രി തെരുവുകളിലും തുറസായ സ്ഥലങ്ങളിലും തോട്ടങ്ങളിലുമൊക്കെയാണു കഴിച്ചുകൂട്ടിയത്. ഇവരുടെ ഒട്ടുമിക്ക വസ്തുവകകളും നശിച്ചു.
ഇതിനിടെ, തീപിടിത്തത്തിൽ മൂന്നു പേർ മരിച്ചതായി അഭയാർഥികൾ പറഞ്ഞു. എന്നാൽ, ആളപായമില്ലെന്നാണു ഗ്രീക്ക് കുടിയേറ്റവകുപ്പ് മന്ത്രി നോട്ടിസ് മിട്ടറാച്ചി അറിയിച്ചത്. ലെസ്ബോസിലേക്ക് അയച്ച മൂന്നു കപ്പലുകളിൽ 2,000 പേർക്ക് താത്കാലിക താമസം ഒരുക്കും. നശിച്ച ക്യാന്പിനടുത്തുതന്നെ അടിയന്തരമായി താമസസൗകര്യങ്ങൾ ഒരുക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ക്യാന്പിലെ 35 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയുണ്ടായ തീപിടിത്തം മനഃപൂർവമായിരുന്നോ എന്ന് അന്വേഷിച്ചുവരികയാണ്.