സൈനികാഭ്യാസം: യുഎസിനു ഗൂഢലക്ഷ്യമെന്നു ചൈന
Tuesday, July 7, 2020 12:35 AM IST
ബെയ്ജിംഗ്: തന്ത്രപ്രധാനമായ ദക്ഷിണചൈനാ കടലിൽ സംയുക്തസൈനികാഭ്യാസത്തിനുള്ള തീരുമാനം സൈനികപേശീബലം പ്രകടിപ്പിക്കാനുള്ള യുഎസിന്റെ ശ്രമമാണെന്നു ചൈന. തീർത്തും ഗൂഢലക്ഷ്യങ്ങളോടെയുള്ള നീക്കം മേഖലയിലെ സുസ്ഥിരത തകർക്കുന്നതാണെന്നും ചൈനീസ് വിദേശകാര്യവക്താവ് ഹോ ലിജിയാൻ കുറ്റപ്പെടുത്തി.
യുഎസ്എസ് നിമിറ്റ്സ്, യുഎസ്എസ് റൊണാൾഡ് റീഗൻ എന്നീ വിമാനവാഹിനികൾക്കൊപ്പം യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും സൈനികാഭ്യാസത്തിനായി ദക്ഷിണാചൈന കടലിൽ യുഎസ് അണിനിരത്തിയിട്ടുണ്ട്. ദക്ഷിണചൈനാ കടലും ഇൻഡോ- പസഫിക് മേഖലയും സ്വതന്ത്രവും സുരക്ഷിതവുമാക്കുകയാണു ലക്ഷ്യമെന്നാണ് യുഎസിന്റെ ന്യായം.
അതേസമയം, പ്രദേശത്തിന്റെ 90 ശതമാനവും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ ബ്രൂണെ, മലേഷ്യ, ഫിലിപ്പീൻസ്, തായ്വാൻ, വിയറ്റ്നാം എന്നിവരും കടലിന്റെ ഉടമസ്ഥത അവകാശപ്പെടുന്നവരാണ്.