ഫ്ളോയിഡിനു കോവിഡ് ബാധിച്ചിരുന്നുവെന്ന്
Thursday, June 4, 2020 11:17 PM IST
വാഷിംഗ്ടൺ ഡിസി: മിനിയാപ്പൊളീസ് നഗരത്തിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട കറുത്തവംശജനായ ജോർജ് ഫ്ളോയിഡിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.
ഫ്ളോയിഡിന് നടത്തിയ കോവിഡ് ടെസ്റ്റ് പൊസിറ്റീവാണെന്നു ചീഫ് മെഡിക്കൽ ഓഫീസർ ആൻഡ്രൂ ബേക്കർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. വെള്ളക്കാരനായ പോലീസ് ഓഫീസർ ഡെറക് ഫ്ളോയിഡിന്റെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു.
എട്ടുമിനിറ്റ് സമയം കഴിഞ്ഞാണ് ഓഫീസർ ഫ്ളോയിഡിന്റെ കഴുത്തിൽ നിന്നു കാലെടുത്തത്. ഇതിനിടയിൽ ഫ്ളോയിഡിനു ഹൃദയാഘാതമുണ്ടായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇതേസമയം, ഫ്ളോയിഡിന്റെ മരണത്തിനു കാരണക്കാരായ ഡെറക് ഉൾപ്പെടെ നാലു പോലീസ് ഓഫീസർമാരുടെ പേരിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു.
ഡെറക്കിനെതിരേ കൂടുതൽ ഗൗരവമുള്ള കുറ്റം ചുമത്തിയപ്പോൾ കുറ്റകൃത്യത്തിനു കൂട്ടുനിന്നതിനാണ് മറ്റുള്ളവരുടെ പേരിൽ കേസെടുത്തത്. അന്പതുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിത്.
ഫ്ളോയിഡ് വധത്തെത്തുടർന്നു യുഎസിൽ പൊട്ടിപ്പുറപ്പെട്ട കലാപം ഇതുവരെ ശമിച്ചില്ല. നേരത്തെ പലേടത്തും അക്രമങ്ങൾ നടന്നെങ്കിലും ഇന്നലത്തെ പ്രകടനങ്ങൾ സമാധാനപരമായിരുന്നു. കലാപവുമായി ബന്ധപ്പെട്ട് ഇതിനകം പതിനായിരത്തോളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
സമരക്കാരെ നേരിടാൻ പട്ടാളത്തെ ഇറക്കുമെന്നു പ്രഖ്യാപിച്ച പ്രസിഡന്റ് ട്രംപിന്റെ നിലപാടിൽ പെന്റഗൺ മേധാവി മാർക്ക് എസ്പർ എതിർപ്പു പ്രകടിപ്പിച്ചു. പ്രസിഡന്റ് ട്രംപ് അമേരിക്കൻ ജനതയെ യോജിപ്പിച്ചു നിർത്തുന്നതിനു പകരം ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നു മുൻ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് കുറ്റപ്പെടുത്തി