ഒമാനിൽ പേരു രജിസ്റ്റർ ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: ഇന്ത്യൻ എംബസി
Wednesday, May 20, 2020 12:21 AM IST
മസ്കറ്റ്: നാട്ടിൽ പോകാൻ കാത്തിരിക്കുന്ന ഇന്ത്യക്കാരുടെ പേരുകൾ രജിസ്റ്റർ ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനും മസ്കറ്റിലെ ഒരു സാമൂഹ്യ സംഘടനയെയും ട്രാവൽ ഏജൻസികളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. നാട്ടിൽ പോകാൻ സാധാരണ നിലയിൽ വിമാന സർവീസുകൾ നിലവിൽ ഇല്ലാത്ത സ്ഥിതിക്ക് എംബസിയുടെ വെബ് സൈറ്റ് വഴി മാത്രമാണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ടിക്കറ്റ് ബുക്കിംഗിനായി എയർ ഇന്ത്യയുടെ ഓഫീസിൽ നിന്നു നേരിട്ട് ബന്ധപ്പെടും.
50,000 ത്തിൽ അധികം ഇന്ത്യക്കാരാണ് നാട്ടിൽ പോകാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. ഇതിൽ മുക്കാൽ പങ്കും മലയാളികളാണ്. ഇന്നലെ ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് 19 കേസുകളിൽ 173 വിദേശികളും 119 സ്വദേശികളും ഉൾപ്പെടുന്നു. 18 വിദേശികളും എട്ടു സ്വദേശികളും ഉൾപ്പെടെ 26 പേർക്കാണ് ഇതിനോടകം വൈറസ് ബാധ മൂലം ജീവൻ നഷ്ടപ്പെട്ടത്. രാജ്യത്ത് രോഗബാധിതർ 5671 ആണ്.
പൊതുസ്ഥലങ്ങളിൽ മുഖാവരണം നിർബന്ധമാക്കികൊണ്ട് ഒമാൻ നിയമം ഇറക്കി. നിയമ ലംഘകർക്ക് 200 ഒമാനി റിയാൽ പിഴയോ, മൂന്നു വർഷം തടവോ ആയിരിക്കും ശിക്ഷ.
കേരളത്തിലേക്കുള്ള വിമാന സർവീസുകളിൽ സലാലയിൽ നിന്ന് ഇന്നുച്ചകഴിഞ്ഞ് 3.25 നു പുറപ്പെട്ട് രാത്രി 8.40 ന് കോഴിക്കോട്ടെത്തുന്ന ഐ. എക്സ് . 0342 വിമാനമൊഴിച്ച് മറ്റെല്ലാ സർവീസുകളും മസ്കറ്റ് വിമാനത്താവളത്തിൽ നിന്നാണ്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി കൂടുതൽ വിമാനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സർവീസ് നടത്തണമെന്ന് കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി പി.എം. ജാബിർ ആവശ്യപ്പെട്ടു.
സേവ്യർ കാവാലം