വുഹാനിൽ മരിച്ചത് 42,000 പേർ?
Monday, March 30, 2020 11:49 PM IST
ഹോങ്കോംഗ്: കോവിഡ്-19 മഹാമാരി തുടങ്ങിയ വുഹാനിൽ 42,000 പേർ മരിച്ചതായി റിപ്പോർട്ട്. തദ്ദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് ബ്രിട്ടനിലെ ഡെയിലി മെയിൽ പത്രമാണ് ഇതു റിപ്പോർട്ട് ചെയ്തത്.
കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ നഗരത്തിലെ വൈദ്യുതശ്മശാനങ്ങളിൽ ദഹിപ്പിക്കുകയായിരുന്നു. അതിന്റെ ചിതാഭസ്മം സൂക്ഷിക്കുന്ന കലശങ്ങൾ കഴിഞ്ഞ ദിവസമാണു വിതരണം ചെയ്തു തുടങ്ങിയത്. ദിവസം 500 കലശങ്ങൾ വീതം ഏഴുവൈദ്യുത ശ്മശാനങ്ങളിൽനിന്നു വിതരണം ചെയ്യും. ഏപ്രിൽ അഞ്ചു വരെയുള്ള 12 ദിവസംകൊണ്ടു വിതരണം തീർക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഏഴു ക്രീമറ്റോറിയങ്ങളിൽനിന്നായി ദിവസം 3500 വച്ച് 12 ദിവസം കലശങ്ങൾ നല്കിയാൽ 42,000 എണ്ണമാകും. ഇതിൽനിന്നാണു ഡെയിലി മെയിലിന്റെ നിഗമനം.
ക്രീമറ്റോറിയങ്ങളിൽ ആയിരക്കണക്കിനു ചിതാഭസ്മ കലശങ്ങൾ ഇരിക്കുന്നതായി കൈഷിൻ എന്ന മാധ്യമത്തെ ഉദ്ധരിച്ചു ബ്ലൂംബർഗ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വുഹാനിൽ 2535 പേർ മരിച്ചെന്നാണു ചൈനയുടെ ഔദ്യോഗിക കണക്ക്. ചൈനയിലാകെ 3300 മരണമാണു കണക്കിലുള്ളത്.