ഇന്റർപോൾ മുൻ മേധാവിക്ക് ചൈനയിൽ 13 വർഷം തടവ്
Tuesday, January 21, 2020 11:46 PM IST
ബെയ്ജിംഗ്: ഫ്രാൻസിലെ ലിയോൺ ആസ്ഥാനമായുള്ള രാജ്യാന്തര പോലീസ് സംഘടന ഇന്റർപോളിന്റെ മുൻ മേധാവി മെംഗ് ഹോങ്വെയെ അഴിമതിക്കേസിൽ ചൈനീസ് കോടതി പതിമൂന്നര വർഷം തടവിനു ശിക്ഷിച്ചു. 290,000 ഡോളർ പിഴയുമിട്ടു.
ചൈനയുടെ നോമിനിയായി ഇന്റർപോളിന്റെ തലപ്പത്ത് നിയമിതനായ മെംഗ് നേരത്തെ സുരക്ഷാവകുപ്പ് ഉപമന്ത്രിയായിരുന്നു. 2018ൽ ചൈനയിൽ എത്തിയ അദ്ദേഹത്തെപ്പറ്റി ഏറെ നാളത്തേക്ക് വിവരമില്ലായിരുന്നു. അഴിമതിക്കേസിൽ മെംഗിനെ കസ്റ്റഡിയിലെടുത്തെന്ന് ചൈന പിന്നീട് സ്ഥിരീകരിച്ചു. മെംഗിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നു ഭാര്യ ഗ്രേസ് ആരോപിച്ചു. ഗ്രേസിനു ഫ്രാൻസ് അഭയം അനുവദിച്ചു.
ഔദ്യോഗിക പദവി ദുരുപയോഗിച്ച് മെംഗ് വ്യക്തികൾക്കും കന്പനികൾക്കും അനർഹമായ ആനുകൂല്യങ്ങൾ നൽകിയെന്നും ഇതിനായി വൻതുക കോഴ കൈപ്പറ്റിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
ടിയാൻജിനിലെ ഫസ്റ്റ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതിയാണ് മെംഗിനെതിരേ വിധി പുറപ്പെടുവിച്ചതെന്നു സിൻഹുവാ വാർത്താ ഏജൻസി അറിയിച്ചു. മെംഗ് കോടതിയിൽ കുറ്റം സമ്മതിച്ചെന്നും അപ്പീൽ നൽകില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. അറസ്റ്റിലായ ഉടൻ മെംഗിനെ കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും നീക്കം ചെയ്തിരുന്നു. ഷി ചിൻ പിംഗ് 2012ൽ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വമേറ്റെടുത്തതിനെത്തുടർന്ന് അഴിമതിക്കെതിരേ ചൈന സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനകം പത്തുലക്ഷത്തിലധികം ഉദ്യോഗസ്ഥർക്കും പാർട്ടി പ്രവർത്തകർക്കും എതിരേ നടപടി എടുത്തിട്ടുണ്ട്.