വായു മലിനീകരണത്തിൽ മെൽബൺ മുന്നിൽ
Wednesday, January 15, 2020 12:14 AM IST
മെൽബൺ: അന്തരീക്ഷ വായു മലിനീകരണത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനം ഓസ്ട്രേലിയൻ നഗരമായ മെൽബണിനാണ്. ജനങ്ങൾ വീട്ടിനുള്ളിൽ കഴിയാനും വേണ്ട മുൻകരുതലെടുക്കാനും അധികൃതർ ഇന്നലെനിർദേശം നൽകി.
ഓസ്ട്രേലിയയെ വിഴുങ്ങുന്ന കാട്ടുതീയിൽനിന്നുള്ള പുകയാണ് മെൽബണിനെ ശ്വാസം മുട്ടിക്കുന്നത്. കാട്ടുതീയിൽ ഇതിനകം 27 മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഒരുകോടി ഹെക്ടർ വനം കത്തിനശിച്ചു. രണ്ടായിരം വീടുകളും അഗ്നിക്കിരയായി. ചിലയിനം വന്യജീവികൾ വംശനാശത്തിന്റെ വക്കിലാണ്.
ഇതിനിടെ. ഈയാഴ്ച കിഴക്കൻ മേഖലയിൽ വൻതോതിൽ മഴയുണ്ടാവുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത് ആശ്വാസം പകർന്നിരിക്കുകയാണ്. മഴ ഒരാഴ്ച ദീർഘിക്കുന്നതോടെ കാട്ടുതീയ്ക്ക് ശമനമുണ്ടാവുമെന്നു കരുതുന്നു.
വിക്ടോറിയ സംസ്ഥാനത്തുനിന്നുള്ള കാട്ടുതീയിൽ നിന്നുള്ള പുക വ്യാപിച്ചതോടെയാണ് ഇന്നലെ മെൽബണിലെ വായു മലിനീകരണം അഭൂതപൂർവനിലയിലെത്തിയത്. സിഡ്നി കഴിഞ്ഞാൽ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ മെൽബണിലെ ജനസംഖ്യ 42 ലക്ഷമാണ്.