ഒമാൻ സുൽത്താൻ ഖാബൂസ് അന്തരിച്ചു
Sunday, January 12, 2020 1:40 AM IST
മസ്കറ്റ്: ഒമാനെ ആധുനികവത്കരിക്കുകയും പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താൻ ഏറെ പരിശ്രമിക്കുകയും ചെയ്ത ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദ് (79) അന്തരിച്ചു.
സാംസ്കാരികമന്ത്രിയും ഖാബൂസിന്റെ ബന്ധുവുമായ ഹൈതാം ബിൻ താരിഖ് അൽ സഈദ് അടുത്ത ഭരണാധികാരിയായി സ്ഥാനമേറ്റു. യെമനിലെ വിമതർ തടവിലാക്കിയ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുന്നതിൽ സുൽത്താൻ വലിയപങ്ക് വഹിച്ചിരുന്നു.
കാൻസർ ബാധിതനായിരുന്ന സുൽത്താൻ വെള്ളിയാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്. വിവാഹമോചിതനായിരുന്ന അദ്ദേഹത്തിനു സന്തതികളില്ല. രാജകുടുംബാംഗങ്ങൾ ചേർന്നാണ് പിൻഗാമിയെ നിശ്ചയിച്ചത്.
സുൽത്താന്റെ മരണത്തെത്തുടർന്ന് ചൊവ്വാഴ്ച വരെ പൊതു അവധിയും 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.
ഇന്ത്യയിലെ പൂനെയിലും പിന്നീട് ഇംഗ്ലണ്ടിലും വിദ്യാഭ്യാസം നടത്തിയ ഖാബൂസ് സാൻഡേഴ്സ്റ്റ് റോയൽ മിലിട്ടറി അക്കാഡമിയിൽനിന്നു സൈനിക പരിശീലനവും നേടിയിട്ടുണ്ട്.
സേവ്യർ കാവാലം