യുക്രെയ്ൻ വിമാന ദുരന്തം: അന്വേഷണത്തിന് യുഎസും
Friday, January 10, 2020 11:49 PM IST
വാഷിംഗ്ടൺ ഡിസി: ടെഹ്റാനിൽ യുക്രെയ്ൻ വിമാനം തകർന്നത് ഇറാന്റെ മിസൈലേറ്റാണെന്ന ആരോപണം ഇറാൻ നിഷേധിച്ചു. അന്വേഷണത്തിൽ സഹകരിക്കാനുള്ള ഇറാന്റെ ക്ഷണം സ്വീകരിക്കുകയാണെന്നു യുഎസിന്റെ ഗതാഗത സുരക്ഷാ ഏജൻസി വ്യക്തമാക്കി. ഗതാഗത സുരക്ഷാ ഏജൻസിക്കു പുറമേ ബോയിംഗ് കന്പനിയെയും അന്വേഷണത്തിൽ പങ്കെടുക്കാൻ ഇറാൻ ക്ഷണിച്ചിട്ടുണ്ട്.
ഇതിനിടെ വിമാനത്തിന്റെ ബ്ലാക്ബോക്സ് കിട്ടിയെന്നും ഇതിലെ ഡാറ്റ വിശകലനം ചെയ്യാൻ രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്നും ഇറാൻ അറിയിച്ചു. ബ്ലാക്ബോക്സിന്റെ ദൃശ്യം സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തു.
കീവിലേക്കുള്ള യുക്രെയ്ൻ യാത്രാവിമാനം ബുധനാഴ്ചയാണ് ടെഹ്റാൻ വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫിനെത്തുടർന്നു തകർന്നു വീണത്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്ന് ഇറാൻ പറയുന്നു. എന്നാൽ അബദ്ധത്തിൽ മിസൈലേറ്റാണു വിമാനം തകർന്നതെന്നു കാനഡയും ബ്രിട്ടനും ആരോപിച്ചു. യുഎസ് പ്രസിഡന്റ് ട്രംപും ഈ വാദം ശരിവച്ചു. ഇറാക്കിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കു പിന്നാലെയാണ് യുക്രെയ്ൻ വിമാനത്തിന് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടു. 82 ഇറാൻകാരും 11 യുക്രെയ്ൻകാരും പത്ത് സ്വീഡിഷ്പൗരന്മാരും നാല് അഫ്ഗാൻകാരും മൂന്നു ജർമൻകാരും മൂന്നു ബ്രിട്ടീഷുകാരും 63 കനേഡിയൻ പൗരന്മാരുമാണു മരിച്ചത്.
വിമാന ദുരന്തവുമായി ബന്ധപ്പെട്ട് യുഎസിൽ നിന്നു സുപ്രധാന വിവരങ്ങൾ കിട്ടിയെന്ന് യുക്രെയ്ൻ വിദേശമന്ത്രി വാദിം പ്രിസ്റ്റയികോ ട്വീറ്റു ചെയ്തു. വിദഗ്ധർ ഇതു പരിശോധിക്കും. താനും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും യുഎസ് എംബസി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും പ്രിസ്റ്റയികോ പറഞ്ഞു.