ഇംപീച്ച്മെന്റിനെതിരേ 123 ട്വീറ്റുകളുമായി ട്രംപ്
Saturday, December 14, 2019 11:00 PM IST
വാഷിംഗ്ടൺ ഡിസി: മണിക്കൂറുകൾക്കിടെ 123 ട്വീറ്റുകൾ ചെയ്ത് യുഎസ് പ്രസിഡന്റ് ഡോൺഡ് ട്രംപ് റിക്കാർഡിട്ടു. യുഎസ് ജനപ്രതിനിധി സഭയിലെ ജുഡീഷറി കമ്മിറ്റി ട്രംപിനെതിരേ ഇംപീച്ച്മെന്റ് കുറ്റങ്ങൾ ചുമത്താൻ അനുമതി നല്‍കിയതിനു പിന്നാലെയായിരുന്നിത്.
ഒരു കുറ്റവും ചെയ്യാത്ത തന്നെ ഇംപീച്ച് ചെയ്യുന്നതു ശരിയല്ലെന്നായിരുന്നു ട്രംപ് ട്വീറ്റുകളിലൂടെ ആവർത്തിച്ചത്. സാന്പത്തിക മേഖല മെച്ചപ്പെടുത്തി, പട്ടാളത്തെ പുനരുദ്ധരിച്ചു, നികുതി കുറച്ചു, കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കി തുടങ്ങി തന്റെ ഭരണത്തിൽ നിരവധി നേട്ടങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു. സിഎൻഎൻ പോലുള്ള മാധ്യമസ്ഥാപനങ്ങൾ തനിക്കെതിരേ വ്യാജവാർത്ത നല്‍കുകയാണെന്നും ആരോപിച്ചു.
മുൻ യുഎസ് വൈസ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ജോ ബൈഡനെതിരേ അന്വേഷണം നടത്താൻ ട്രംപ് യുക്രെയിൻ പ്രസിഡന്റ് സെലൻസ്കിയോട് ആവശ്യപ്പെട്ടുവെന്ന ആരോപണത്തിലാണ് ഇംപീച്ച്മെന്റ് നീക്കം. ജുഡീഷറി കമ്മിറ്റി കുറ്റം ചുമത്താൻ അനുമതി നല്കിയ സാഹചര്യത്തിൽ ഇനി ജനപ്രതിനിധി സഭയിൽ വോട്ടെടുപ്പു നടക്കും. പാസായാൽ സെനറ്റ് സഭയിൽ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കേണ്ടിവരും.
പ്രതിപക്ഷ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ വോട്ടെടുപ്പ് പാസാകും. എന്നാൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ ഇംപീച്ച്മെന്റ് വിചാരണ പരാജയപ്പെട്ടേക്കും.