ശ്രീലങ്ക: തെരഞ്ഞെടുപ്പ് ഫലം നാളെ
Saturday, November 16, 2019 10:58 PM IST
കൊളംബോ: രാജ്യത്തെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനായി ലങ്കൻ ജനത ആവേശത്തോടെ പൊളിംഗ് ബൂത്തുകളിലെത്തി. മുസ്ലിം വിഭാഗത്തിൽപ്പെട്ട വോട്ടർമാർ സഞ്ചരിച്ച വാഹനത്തിനു നേരെ വെടിവയ്പ് ഉണ്ടായതുൾപ്പെടെ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ പലയിടത്തും അരങ്ങേറിയതായി റിപ്പോർട്ടുകളുണ്ട്. മധ്യലങ്കയിലെ അനുരാധപുര ജില്ലയിലാണു പോളിംഗ്ബൂത്തിലേക്കു പോയ ബസിനുനേരെ അജ്ഞാതൻ നിറയൊഴിച്ചത്. ആർക്കും പരിക്കേറ്റില്ല.
വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ വോട്ടെണ്ണൽ തുടങ്ങി. ഇന്നുപുലർച്ചെയോടെ ആദ്യഫലസൂചനകൾ ലഭിക്കും. അന്തിമ ഫലപ്രഖ്യാപനം തിങ്കളാഴ്ചയാണ്.
കഴിഞ്ഞ ഈസ്റ്റർ ദിനത്തിലുണ്ടായ ബോംബ് സ്ഫോടന പരന്പരയെത്തുടർന്ന് സാന്പത്തികമായും വംശീയമായും ഏറെ വെല്ലുവിളികളെ നേരിടുന്ന ശ്രീലങ്കയുടെ ഭാവിയിൽ നിർണായകമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
35 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഭരണം നടത്തുന്ന യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവും കാബിനറ്റ് മന്ത്രിയുമായ സുജിത്ത് പ്രേമദാസയും(52) ശ്രീലങ്കൻ പീപ്പിൾസ് ഫ്രണ്ട് പാർട്ടിയുടെ ഗോട്ടാഭയ രാജപക്ഷെയും (70)) തമ്മിലാണു പ്രധാന പോരാട്ടം. നാഷണൽ പീപ്പിൾസ് പവർ മുന്നണിയുടെ അനുരാ കുമാര ദിസനായകെയും ശക്തനായ പോരാളിയാണ്.
ഇന്നലെ പ്രാദേശികസമയം രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങി. രാജ്യത്തെ 12,845 പോളിംഗ് സ്റ്റേഷനുകളിലും വൈകുന്നേരം അഞ്ചുവരെ വോട്ടെടുപ്പ് നടന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയ തെരഞ്ഞെടുപ്പാണിത്. ബാലറ്റ് പേപ്പറിന്റെ വലിപ്പംകൊണ്ടും (26 ഇഞ്ച് നീളം) തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.
250 ലധികം പേർ കൊല്ലപ്പെട്ട ഈസ്റ്റർദിന സ്ഫോടനപരന്പരയുടെ പശ്ചാത്തലത്തിൽ ദേശീയസുരക്ഷയായിരുന്നു മുഖ്യ പ്രചാരണവിഷയം. 400,000ത്തോളം ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി. 60,000 പോലീസുകാരും 8,000 ത്തോളം സിവിൽ ഡിഫൻസ് ഫോഴ്സ് അംഗങ്ങളും സുരക്ഷ ഒരുക്കി.