ജമന്തി സിംഹാസനത്തിൽ നരുഹിതോ
Tuesday, October 22, 2019 11:56 PM IST
ടോക്കിയോ: ജപ്പാനിലെ 126-ാം ചക്രവർത്തിയായി നരുഹിതോ സ്ഥാനാരോഹണം ചെയ്തു. ഇംപീരിയൽ പാലസിലായിരുന്നു ചടങ്ങുകൾ. 180 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
നരുഹിതോയുടെ അച്ഛൻ അകിഹിതോ(85) മേയിൽ സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. അതിനു പിന്നാലെ നരുഹിതോ ചക്രവർത്തിപദവിയും പത്നി മസാക്കോ ചക്രവർത്തിനി പദവിയും ഏറ്റെടുത്തെങ്കിലും ഇന്നലെയായിരുന്നു ജമന്തി സിംഹാസനത്തിലെ ഔദ്യോഗിക സ്ഥാനാരോഹണം.
ഭരണഘടന അനുസരിച്ച് ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമെന്നും ജനങ്ങളുടെ ഐക്യത്തിനായി പ്രവർത്തിക്കുമെന്നും പുതിയ ചക്രവർത്തി പ്രഖ്യാപിച്ചു. “ചക്രവർത്തി നീണാൾ വാഴട്ടെ” എന്ന് പ്രധാനമന്ത്രി ഷിൻസോ ആബെ മൂന്നുവട്ടം ജനങ്ങൾക്കു ചൊല്ലിക്കൊടുത്തതോടെ ചടങ്ങുകൾ അവസാനിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ജർമൻ പ്രസിഡന്റ് സ്റ്റെയിൻമെയർ, ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ചെറുകിട കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 5,50,000 പേർക്കു ചക്രവർത്തിയുടെ സ്ഥാനാരോഹണത്തോട് അനുബന്ധിച്ച് പൊതുമാപ്പു നല്കി.
സ്ഥാനാരോഹണം പ്രമാണിച്ചു നടത്താൻ നിശ്ചയിച്ചിരുന്ന പരേഡ് ഈയിടെയുണ്ടായ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടുത്ത മാസത്തേക്കു മാറ്റിവച്ചു. പത്തുദിവസം മുന്‍പത്തെ ഹഗിബിസ് ചുഴലിക്കാറ്റ് 82 പേരുടെ ജീവഹാനിക്കിടയാക്കി.