ദാവൂദിന്റെ കൂട്ടാളി നേപ്പാളിൽ പിടിയിൽ
Saturday, May 25, 2019 11:46 PM IST
കാഠ്മണ്ഡു: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി യുനസ് അൻസാരി നേപ്പാൾ പോലീസിന്റെ പിടിയിലായി. ഐഎസ്ഐക്കുവേണ്ടി നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു ഇയാളെന്നു നേപ്പാളിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അൻസാരിയോടൊപ്പം പാക് സ്വദേശികളായ മുഹമ്മദ് നാസറുദ്ദീൻ, മുഹമ്മദ് അക്തർ, നാദിയ അംബർ എന്നിവരെയും പിടികൂടിയിട്ടുണ്ട്. ഇവരിൽനിന്ന് 7.5 കോടി രൂപയുടെ വ്യാജ ഇന്ത്യൻ കറൻസിയും പിടിച്ചെടുത്തു.
ഐഎസ്ഐയുടെ നിർദേശപ്രകാരം വ്യാജ കറൻസികൾ ഇന്ത്യയിൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സംഘം. നേപ്പാൾ മുൻ മന്ത്രി സലിം അൻസാരിയുടെ മകനാണു യുനസ് അൻസാരി. ദാവൂദിന്റെ ഡി കന്പനിയുമായുള്ള ഇരുവരുടെയും ബന്ധം നേരത്തേ പരസ്യമായിരുന്നു.