കൂടുതൽ സുരക്ഷ: കവച് 4.0 അവതരിപ്പിച്ച് റെയില്‍വേ
Friday, August 9, 2024 2:21 AM IST
ന്യൂഡൽഹി: ട്രെയിൻ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ കവച് 4.0 അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ.
കൂടുതൽ റൂട്ടുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാനുള്ള നടപടി ആരംഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ കവച് 3.2 ആണ് ഉപയോഗിക്കുന്നത്. എന്നാൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നത്.
ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്ന സംവിധാനമാണ് കവച്. ഈ വർഷം ഒക്ടോബർ മുതൽ മുംബൈ- ചെന്നൈ, ചെന്നൈ- കോൽക്കത്ത റൂട്ടുകളിൽ ഈ സംവിധാനം സ്ഥാപിക്കാൻ ആരംഭിക്കുമെന്നും ഇതിനുള്ള ടെൻഡർ നടപടി ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. മൂന്നു വർഷത്തിനുള്ളിൽ ഈ റൂട്ടുകളിൽ ഇതു പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി-കോൽക്കത്ത, ഡൽഹി- മുംബൈ റൂട്ടുകളിൽ കവച് സ്ഥാപിക്കുന്ന പ്രവൃത്തി അടുത്ത മാർച്ചോടെ പൂർത്തിയാകും. ഈ സംവിധാനം കൂടുതൽ റൂട്ടുകളിൽ സ്ഥാപിക്കുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആദ്യഘട്ടമെന്ന നിലയിൽ 10,000 ട്രെയിൻ എൻജിനുകളിലാണ് കവച് 4.0 സ്ഥാപിക്കുന്നത്. താത്കാലിക വേഗനിയന്ത്രണങ്ങൾ, മെച്ചപ്പെട്ട ബ്രേക്കിംഗ് സംവിധാനം, കൃത്യമായ ലൊക്കേഷൻ, റെയില്‍വേ സ്റ്റേഷനുകൾ തമ്മിലുള്ള ആശയവിനിമയം തുടങ്ങിയ കൂടുതൽ നൂതന സംവിധാനങ്ങൾ അടങ്ങിയതാണു കവച് 4.0 എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ജൂലൈ 17ന് റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) കവചിന്റെ പുതിയ പതിപ്പ് അംഗീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു.
എന്താണു കവച്
ഒരേ പാതയിൽ ഓടിയെത്തുന്ന രണ്ടു ട്രെയിനുകൾ തമ്മിൽ കൂട്ടിയിടി ഒഴിവാക്കുന്ന സുരക്ഷാ സംവിധാനമാണ് കവച്. ട്രാഫിക് കോളീഷൻ അവോയിഡൻസ് സിസ്റ്റമെന്നും (ടിസിഎഎസ്) ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റമെന്നും (എടിപിഎസ്) കവച് അറിയപ്പെടുന്നു.
അപകടങ്ങളില്ലാതെ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ സുരക്ഷാസംവിധാനമൊരുക്കുന്നത്. 2022 മുതൽ “മേക്ക് ഇൻ ഇന്ത്യ’’ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണു ഈ സംവിധാനം നിർമിച്ചത്.
ഒരേ പാതയിൽ എതിരേ രണ്ടു ട്രെയിനുകൾ വരികയാണെങ്കിൽ ലോക്കോ പൈലറ്റിന് ട്രെയിനിന്റെ വേഗം നിയന്ത്രിക്കാനാകാതെ വരുന്ന സാഹചര്യത്തിൽ നിശ്ചിത ദൂരപരിധിയിൽവച്ച് ട്രെയിനിന്റെ ബ്രേക്കിംഗ് സിസ്റ്റം തനിയെ പ്രവർത്തിക്കുകയും ട്രെയിൻ നിൽക്കുകയും ചെയ്യും.
റേഡിയോ ടെക്നോളജി, ജിപിഎസ് സംവിധാനം വഴിയാണ് ഇതു സാധ്യമാകുക.