ചരൺജിത് സിംഗ് ചന്നി: പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി
Monday, September 20, 2021 12:26 AM IST
ചണ്ഡീഗഡ്: പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണു ചരൺജിത് സിംഗ് ചന്നി. ക്യാപ്റ്റൻ അമരീന്ദർ സിംഗിനെതിരേയുള്ള വിമതനീക്കത്തിൽ മുൻനിരയിൽ ചന്നിയുമുണ്ടായിരുന്നു. 1973 ഏപ്രിൽ രണ്ടിനാണ് ഇദ്ദേഹം ജനിച്ചത്. ചാംകൗർ സാഹിബ് മണ്ഡലത്തെയാണ് ചന്നി പ്രതിനിധാനം ചെയ്യുന്നത്. സിക്ക് വിഭാഗക്കാരനായ ദളിത് ആണ് എംബിഎ, നിയമ ബിരുദധാരിയായ ചന്നി.
2015-16 കാലത്ത് പഞ്ചാബ് പ്രതിപക്ഷനേതാവായി പ്രവർത്തിച്ചിട്ടുള്ള ചന്നി 2007 മുതൽ മൂന്നു തവണ തുടർച്ചയായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ക്ലീൻ ഇമേജുള്ള നേതാവാണ് ഇദ്ദേഹം. പഞ്ചാബ് ജനസംഖ്യയിൽ മൂന്നിലൊന്ന് ദളിതരാണ്. ദളിത് വോട്ട് ലക്ഷ്യമിട്ടാണ് ചന്നിയെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയത്.
പഞ്ചാബിൽ അധികാരത്തിലെത്തിയാൽ ദളിതനെ മുഖ്യമന്ത്രിയാക്കുമെന്നു ബിജെപിയും ഉപമുഖ്യമന്ത്രിസ്ഥാനം ദളിതനു നല്കുമെന്ന് അകാലി ദൾ-ബിഎസ്പി സഖ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ചതുഷ്കോണ മത്സരം നടക്കുന്ന പഞ്ചാബിൽ നിർണായകമാകുക ദളിത് വോട്ടാണ്.