ദീർഘദൂര ട്രെയിൻ സർവീസുകൾ സ്വകാര്യവത്കരിക്കില്ല
Friday, September 18, 2020 12:06 AM IST
ന്യൂഡൽഹി: ദീർഘദൂര ട്രെയിൻ സർവീസുകൾ സ്വകാര്യമേഖലയ്ക്കു കൈമാറില്ലെന്നു കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉറപ്പുനൽകിയെന്നു കൊടിക്കുന്നിൽ സുരേഷ് എംപി. കൊല്ലം- പുനലൂർ റെയിൽവേ വൈദ്യുതീകരണം 2021-22ൽ കമ്മീഷൻ ചെയ്യുമെന്നും ഇതിനായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റെയിൽവേ പൂർണമായും സ്വകാര്യവത്കരിക്കില്ലെന്ന് എം.കെ. രാഘവൻ എംപിക്കു നൽകിയ മറുപടിയിൽ കേന്ദ്രമന്ത്രി പറഞ്ഞു. നെറ്റ്വർക്ക് വിപുലീകരണം, ശേഷി വർധിപ്പിക്കൽ, റോളിംഗ് സ്റ്റോക്ക് ഇൻഡക്ഷൻ, മറ്റ് നവീകരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 2030നകം 50 ലക്ഷം കോടി രൂപ മൂലധന നിക്ഷേപം ആവശ്യമായിട്ടുണ്ട്.
യാത്രക്കാരുടെയും ചരക്ക് സേവനങ്ങളുടെയും മെച്ചപ്പെട്ട വിതരണം സാധ്യമാക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയും കാര്യക്ഷമതയും കൊണ്ടുവരുന്നതിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനു തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ പാസഞ്ചർ ട്രെയിൻ ഓടിക്കുന്നതിനും ആധുനിക റേക്കുകൾ ഉൾപ്പെടുത്തുന്നതിനും അടക്കമുള്ള ചില സംരംഭങ്ങളിൽ പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് (പിപിപി) മോഡൽ ഉപയോഗിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി.