ഹൈദരാബാദിന് ജയം
Tuesday, May 20, 2025 2:18 AM IST
ലക്നോ: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റ് 2025 സീസണിൽ പ്ലേ ഓഫ് പ്രതീക്ഷ അസ്തമിച്ച് ലക്നോ സൂപ്പർ ജയന്റ്സ്. ലക്നോവിന്റെ സ്വന്തം തട്ടകത്തിൽ ലക്നോവിനെ ആറ് വിക്കറ്റിന് ഹൈദരാബാദ് പരാജയപ്പെടുത്തി.
ഓപ്പണർമാരുടെ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ സ്കോർ 200 കടത്തിയ ലക്നോവിന് അഭിഷേക് ശർമയുടെ തകർപ്പൻ ബാറ്റിംഗിലൂടെ ഹൈദരാബാദ് മറുപടി നൽകി. സ്കോർ: ലക്നോ 20 ഓവറിൽ 205/7. ഹൈദരാബാദ്: 18.2 ഓവറിൽ 206/4.
ട്രിപ്പിൾ സഖ്യം:
ലക്നോ നിരയിൽ ഓപ്പണർമാരായ മിച്ചൽ മാർഷ് (39 പന്തിൽ 65 റണ്‍സ്), എയ്ഡൻ മക്രം (38 പന്തിൽ 61 റണ്‍സ്) ചേർന്ന് മിന്നും തുടക്കമാണ് നൽകിയത്. 10.3 ഓവറിൽ 115 റണ്‍സ് ചേർത്ത ശേഷമാണ് കൂട്ടുകെട്ട് അവസാനിച്ചത്. അവസാന ഓവറുകളിൽ നിക്കോളാസ് പൂരൻ (26 പന്തിൽ 45 റണ്‍സ്) നടത്തിയ വെടിക്കെട്ടാണ് സ്കോർ 200 കടത്തിയത്. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ക്യാപ്റ്റൻ ഋഷഭ് പന്ത് (7) വീണ്ടും നിരാശപ്പെടുത്തി. ലക്നോ നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
വീണു തുടങ്ങി:
ഹൈദരാബാദിന്റെ മറുപടി തുടക്കം പിഴച്ചു. 17 റണ്‍സ് സ്കോർ ബോർഡിൽ ചേർത്തപ്പോൾ ഓപ്പണർ അഥർവ് ടൈഡേ (13) പുറത്തായി. എന്നാൽ അഭിഷേക് ശർമ (20 പന്തിൽ 59 റണ്‍സ്) തകർത്തടിച്ചതോടെ ലക്നോ മത്സരം കൈവിട്ടു.
ഇഷാൻ കിഷൻ (35) അഭിഷേകിന് മികച്ച പിന്തുണ നൽകി. 7.3 ഓവറിൽ സ്കോർ 99ൽ എത്തിച്ചശേഷമാണ് അഭിഷേക് പുറത്തായത്. പിന്നീടെത്തിയ ഹെന്റിച്ച് ക്ലാസൻ (47), കമിൻഡു മെൻഡിസ് (32) എന്നിവർ കൂടി തകർത്തടിച്ചതോടെ മത്സരം ത്രില്ലർ ക്ലൈമാക്സിലേക്കെത്താതെ അവസാനിച്ചു.