ഓസ്ട്രേലിയൻ ഗ്രാൻപ്രീയിൽ മക്ലാരന്റെ ബ്രിട്ടീഷുകാരനായ ലാൻഡോ നോറിസ് ചാന്പ്യൻ
Monday, March 17, 2025 2:00 AM IST
മെൽബണ്‍: ഓസ്ട്രേലിയൻ ഗ്രാൻപ്രീയിൽ ബ്രിട്ടീഷ് ഡ്രൈവറായ ലാൻഡോ നോറിസിന്റെ സൂപ്പർ റേസ്. മഴയെയും പ്രതികൂല ഘടകങ്ങളെയും കീഴടക്കി 2025 സീസണിലെ ആദ്യ എഫ് വണ്‍ കാർ റേസിംഗ് ചാന്പ്യൻഷിപ്പായ ഓസ്ട്രേലിയൻ ഗ്രാൻപ്രീയിൽ മക്ലാരന്റെ ഡ്രൈവർ ലാൻഡോ നോറിസ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
2024 ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയ റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു ലാൻഡോ നോറിന്റെ സൂപ്പർ ഫിനിഷിംഗ്. മേഴ്സിഡസിന്റെ ജോർജ് റസൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. പോൾ പൊസിഷനിൽ നോറിസിനു പിന്നിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയ മക്ലാരന്റെ ഓസ്കാർ പിയാസ്ട്രി ഒന്‍പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പോൾ പൊസിഷനിൽ മൂന്നാമതായിരുന്നു മാക്സ് വെർസ്റ്റപ്പൻ.
ഹാമിൽട്ടണിനു പിഴച്ചു
12 സീസണ് മെഴ്സിഡസിന്റെ ഡ്രൈവറായശേഷം, 2025 സീസണ് മുതൽ ഫെരാരിയിലേക്കെത്തിയ ബ്രിട്ടീഷ് സൂപ്പർ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണിന് ഓസ്ട്രേലിയൻ ഗ്രാൻപ്രീയിൽ പിഴച്ചു. 10-ാം സ്ഥാനംകൊണ്ട് ഹാമിൽട്ടണിനു തൃപ്തിപ്പെടേണ്ടിവന്നു. ഏഴു തവണ ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയ ഹാമിൽട്ടണിന്റെ ഫെരാരി അരങ്ങേറ്റം ഇതോടെ നിറംമങ്ങിയതായി.
വെർസ്റ്റപ്പനു നോറിസ് വെല്ലുവിളി
2024 സീസണിൽ റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പനു പിന്നിൽ ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത താരമാണ് ലാൻഡോ നോറിസ്. 2019 സീസണിലായിരുന്നു ഈ ഇരുപത്തഞ്ചുകാരന്റെ അരങ്ങേറ്റം. 2024 സീസണിലാണ് നോറിസ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യാൻ തുടങ്ങിയത്. 2024 സീസണിൽ മയാമി ഗ്രാൻപ്രീ, ഡച്ച് ഗ്രാൻപ്രീ, സിംഗപ്പുർ ഗ്രാൻപ്രീ, അബുദാബി ഗ്രാൻപ്രീ എന്നിങ്ങനെ നാല് ഒന്നാം സ്ഥാന ഫിനിഷിംഗ് നടത്തി. നോറിസിന്റെ എഫ് വണ്‍ കരിയറിലെ അഞ്ചാം ജയമാണ് ഓസ്ട്രേലിയയിൽ കുറിക്കപ്പെട്ടത്.
2024 ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത വെർസ്റ്റപ്പനു (437 പോയിന്റ്) പിന്നിൽ 374 പോയിന്റുമായി ആയിരുന്നു നോറിസ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 2025 സീസണിലെ ആദ്യ ഗ്രാൻപ്രീയിൽ വെന്നിക്കൊടി പാറിച്ച നോറിസ് വരുംനാളുകളിൽ എഫ് വണ്ണിലെ പുതിയ ചാന്പ്യനാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. 2025 സീസണിലെ അടുത്ത എഫ് വൺ പോരാട്ടം ഈ മാസം 23ന് അരങ്ങേറുന്ന ചൈനീസ് ഗ്രാൻപ്രീയാണ്.