പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ ഉന്നത ബഹുമതി
Monday, December 23, 2024 4:23 AM IST
കുവൈറ്റ് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച് കുവൈറ്റിന്റെ ആദരം. രാജ്യത്തിന്റെ വിശിഷ്ട മെഡലായ "മുബാറക് അല്‍ കബീര്‍ മെഡല്‍' കുവൈറ്റ് അമീർ ഷേഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ബയാന്‍ പാലസില്‍ ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ആദരിച്ചശേഷമായിരുന്നു ചടങ്ങുകൾ.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ പരിഗണിച്ചാണു പുരസ്കാരം. മോദിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന ഇരുപതാമത്തെ അന്താരാഷ്ട്ര ബഹുമതിയാണിത്. യുഎസ് മുൻ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്, ജോര്‍ജ് ബുഷ് എന്നിവർക്ക് ഈ ബഹുമതി ലഭിച്ചിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമായ പങ്കാളിത്തമാക്കി ഉയർത്താൻ മോദിയും കുവൈറ്റ് അമീറും തമ്മിൽ നടന്ന സുദീർഘ ചർച്ചയിൽ ധാരണയായി.
പ്രതിരോധം, ഐടി, മരുന്നുനിർമാണം, ധനകാര്യ സാങ്കേതികത, അടിസ്ഥാനവികസനം, സുരക്ഷ എന്നീ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കും. പ്രതിരോധമേഖലയിൽ കൂടുതൽ സഹകരണത്തിന് ധാരണയിലെത്തുകയും ചെയ്തു. പ്രതിരോധ വ്യവസായം, പ്രതിരോധ ഉത്പന്നങ്ങളുടെ വിതരണം, സംയുക്ത സൈനികാഭ്യാസം, പരിശീലനം തുടങ്ങിയവയിലാണു സഹകരണം. കുവൈറ്റ് അമീറുമായുള്ള ചർച്ച മികവുറ്റതാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സന്ദർശനത്തിന്റെ ആദ്യദിനമായ ശനിയാഴ്ച കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി സംസാരിച്ചിരുന്നു. അടുത്തിടെ മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമര്‍ശിച്ച മോദി കുവൈറ്റിനെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചയാണു പ്രധാനമന്ത്രി കുവൈറ്റിലെത്തിയത്. 43 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനം.
ഇന്ത്യ-കുവൈറ്റ് ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനം സഹായകമായെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.