ജർമനിയിലെ കാർ ആക്രമണം: പ്രതിക്കെതിരേ കൊലക്കുറ്റം
Monday, December 23, 2024 3:28 AM IST
ബെർലിൻ: ക്രിസ്മസ് ചന്തയിലേക്കു കാറോടിച്ചു കയറ്റി അഞ്ചു പേരെ കൊലപ്പെടുത്തുകയും ഇരുനൂറിലധികം പേർക്കു പരിക്കേൽപ്പിക്കുകയും ചെയ്ത സൗദി ഡോക്ടർ താലെബ് ജവാദ് അൽ അബ്ദുൾമൊഹ്സനെതിരേ കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയതായി ജർമൻ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അതേസമയം, മാഗ്ദെബർഗ് നഗരത്തിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിന്റെ പ്രേരണ ഇതുവരെ വ്യക്തമായിട്ടില്ല. സൗദി അഭയാർഥികളോടുള്ള ജർമൻ മനോഭാവത്തെ വിമർശിച്ച് പ്രതി നടത്തിയ പോസ്റ്റുകൾ അന്വേഷണസംഘം പരിശോധിച്ചുവരുന്നു. ഇസ്ലാം വിരുദ്ധനെന്ന് അറിയപ്പെടുന്ന പ്രതിക്ക് തീവ്രവാദബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയോട് അനുഭാവവും പ്രകടിപ്പിച്ചിരുന്നു.
2006 മുതൽ ജർമനിയിൽ താമസിക്കുന്ന പ്രതിയുടെ തീവ്രനിലപാടുകളെക്കുറിച്ച് സൗദി അധികൃതർ ഒരു വർഷം മുന്പേ ജർമനിക്കു മുന്നറിയിപ്പു നൽകിയിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്നു സൗദി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, സൗദിയിൽ വധശിക്ഷയ്ക്കു വിധേയമാകുമെന്ന ആശങ്കയിൽ ജർമനി പ്രതികരിച്ചില്ല.
ഇതിനിടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എഎഫ്ഡിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി മാഗ്ദെബർഗ് നഗരത്തിൽ കുടിയേറ്റവിരുദ്ധ റാലി നടന്നു. 2,100 പേർ പങ്കെടുത്തു. പോലീസുമായി ഉന്തും തള്ളുമുണ്ടായി.
ഇരകൾക്കായി പ്രാർഥിച്ച് മാർപാപ്പ
ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ കാർ ആക്രമണത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇരകളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർക്കുവേണ്ടി പ്രാർഥിക്കുന്നതായും ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയറിന് അയച്ച ടെലിഗ്രാമിൽ മാർപാപ്പ അറിയിച്ചു. പ്രതിസന്ധിഘട്ടത്തിൽ ഇരകൾക്കായി പ്രവർത്തിക്കുന്നവർക്ക് മാർപാപ്പ നന്ദി അറിയിച്ചു.