റീ​ഫ​ണ്ട് നി​ഷേ​ധി​ച്ചു; ഹോ​ട്ട​ൽ ഉടമ ഉ​പ​ഭോ​ക്താ​വി​ന് 62,000 രൂ​പ ന​ൽ​കണം
Wednesday, June 19, 2024 6:50 AM IST
കൊ​ച്ചി: കോ​വി​ഡ് കാ​ല​ത്തെ റീ​ഫ​ണ്ട് സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച ഹോ​ട്ട​ലു​ട​മ ഉ​പ​ഭോ​ക്താ​വി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്തൃ ത​ർ​ക്കപ​രി​ഹാ​ര കോ​ട​തി. ആ​ൻ​ഡ​മാ​ൻ ദ്വീ​പി​ലെ സീ​ഷെ​ൽ ഹോ​ട്ട​ൽ റി​സോ​ർ​ട്ട് ആ​ൻ​ഡ് സ്പാ ​ഉ​ട​മ പ​രാ​തി​ക്കാ​ര​നാ​യ കാ​ല​ടി സ്വ​ദേ​ശി സ​ന്ദീ​പ് ര​വീ​ന്ദ്ര​നാ​ഥി​ന് 62,000 രൂ​പ ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

അ​വ​ധി​ക്കാ​ല വി​നോ​ദ​യാ​ത്ര​യ്ക്ക് വേ​ണ്ടി​യാ​ണ് പ​രാ​തി​ക്കാ​ര​നും കു​ടും​ബ​വും മേ​ക്ക് മൈ ​ട്രി​പ്പി​ലൂ​ടെ സീ​ഷെ​ലി​ന്‍റെ ര​ണ്ട് ഹോ​ട്ട​ലു​ക​ളി​ൽ റൂം ​ബു​ക്ക് ചെ​യ്ത​ത്. 27,810 രൂ​പ അ​തി​നാ​യി ന​ൽ​കു​ക​യും ചെ​യ്തു. കോ​വി​ഡ് വ്യാ​പ​ന കാ​ല​ത്ത് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ച​തോ​ടെ വി​നോ​ദ​യാ​ത്ര മു​ട​ങ്ങി. തു​ട​ർ​ന്നു പ​രാ​തി​ക്കാ​ര​ൻ റീ​ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ട് എ​തി​ർ​ക​ക്ഷി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ലഭിച്ചില്ല.

വി​നോ​ദ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​മാ​ന ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ക പ​രാ​തി​ക്കാ​ര​ന് തി​രി​ച്ചു കി​ട്ടി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​റ​ണാ​കു​ള​ത്തെ ഉ​പ​ഭോ​ക്തൃ ത​ർ​ക്കപ​രി​ഹാ​ര കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഹോ​ട്ട​ലി​ൽ റൂം ​ബു​ക്ക് ചെ​യ്ത തു​ക​യാ​യ 27,810 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​രം, കോ​ട​തി ചെ​ല​വ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ 35,000 രൂ​പ​യും ഉ​പ​ഭോ​ക്താ​വി​ന് ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി എ​തി​ർ​ക​ക്ഷി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി.

ഡി.ബി.​ ബി​നു പ്ര​സി​ഡ​ന്‍റും വി.​ രാ​മ​ച​ന്ദ്ര​ൻ, ടി.​എ​ൻ. ശ്രീ​വി​ദ്യ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്കപ​രി​ഹാ​ര കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.