ചങ്ങനാശേരി കൃഷി ഓഫീസ്: കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും ദുരിതം
1454728
Friday, September 20, 2024 7:23 AM IST
ചങ്ങനാശേരി: ചങ്ങനാശേരി കൃഷി ഓഫീസ് കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും ദുരിതമാകുന്നു. റെയില്‍വേ സ്റ്റേഷനു സമീപം നഗരസഭയുടെ 12-ാം വാര്‍ഡില്‍ വാടക വീട്ടിലാണ് കൃഷി ഓഫീസിന്റെ പ്രവര്‍ത്തനം.
നഗരസഭ പതിനായിരം രൂപ വാടക നല്‍കിയാണ് കൃഷി ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍, 37 വാര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി നഗരസഭയില്‍നിന്നുള്ള കര്‍ഷകര്‍ക്ക് ഈ കൃഷി ഓഫീസില്‍ എത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്.
ലോറികള്‍ എത്താനുള്ള റോഡ് സൗകര്യമില്ലാത്തതുമൂലം നടീലിനുള്ള തൈകള്‍ കൃഷി ഓഫീസില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടാണ്. ലോറികളിലെത്തുന്ന തെങ്ങിന് തൈകളടക്കം മറ്റ് തൈകള്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇറക്കി പെട്ടി ഓട്ടോകളിലോ പിക്കപ്പ് വാനുകളിലോ കയറ്റി കൃഷി ഓഫീസില്‍ എത്തിക്കേണ്ടി വരുന്നു.
ഇതിനുള്ള പണം കൃഷി ഓഫീസര്‍ കൈയില്‍നിന്നു മുടക്കുകയാണ് പതിവ്. തൈകളും മറ്റ് സാമഗ്രികളും ഇവിടെനിന്നു വീടുകളില്‍ എത്തിക്കാന്‍ സ്വന്തം വാഹനങ്ങളില്ലാത്ത കര്‍ഷകര്‍ വലിയ തുക ഓട്ടോക്കൂലി നല്‍കേണ്ടി വരികയാണ്. പഴയ വീട്ടിലെ കൊച്ചുമുറികളില്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.
അനുയോജ്യമായ സ്ഥലത്തേക്ക് ഓഫീസ് മാറ്റണമെന്ന് ആവശ്യം
നഗരസഭാ കൃഷി ഓഫീസ് നേരത്തെ വാഴപ്പള്ളിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അവിടെനിന്നു നഗരസഭാ സ്റ്റേഡിയത്തിലുള്ള മുറിയിലേക്കു നീക്കി. സ്റ്റേഡിയം നവീകരണം ആരംഭിച്ചതോടെ കൃഷി ഓഫീസ് കുടിയൊഴിപ്പിക്കപ്പെട്ടതോടെയാണ് റെയില്‍വേ സ്റ്റേഷനടുത്തുള്ള വാടകക്കെട്ടിടത്തിലേക്കു മാറ്റിയത്.
പെരുന്ന, പുഴവാത്, മാര്‍ക്കറ്റ്, മതുമൂല ഭാഗങ്ങളിലുള്ള കര്‍ഷകര്‍ക്ക് ഇവിടെയെത്തി കൃഷി ആവശ്യങ്ങള്‍ നിറവേറ്റാനാവുന്നില്ലെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. നഗരമധ്യത്തിലാണെങ്കില് എല്ലാ മേഖലയിലുള്ള കര്‍ഷകര്‍ക്കും ഓഫീസില്‍ എത്താനാകുമെന്നും കര്‍ഷകര്‍ പറഞ്ഞു.
സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റും
ഇപ്പോള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ഓഫീസില്‍ അസൗക്യങ്ങളുള്ളതിനാല് സൗകര്യപ്രദമായ സ്ഥലത്തേക്ക് ഓഫീസ് മാറ്റും. പുതിയ കെട്ടിടത്തിന് സ്ഥലം ലഭ്യമാക്കുന്ന കാര്യം ആലോചിക്കും.
കൃഷ്ണകുമാരി രാജശേഖരന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെട്ടിടത്തിന് ഫണ്ട് അനുവദിക്കും ചങ്ങനാശേരി നഗരസഭ കൃഷി ഓഫീസിനുള്ള അനുയോജ്യമായ സ്ഥലം അനുവദിച്ചാല്‍ ഫണ്ട് നല്‍കും.
-ജോബ് മൈക്കിള്‍ എംഎൽഎ.