പൂളക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ പണി പൂർത്തിയായി
1479169
Friday, November 15, 2024 4:32 AM IST
കടമ്പയായി അപ്രോച്ച് റോഡ് സ്ഥലം ഏറ്റെടുപ്പ്
സ്വന്തം ലേഖകന്
കോഴിക്കോട്: പൂളക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ പണി പൂർത്തിയായി. ഇനി അപ്രോച്ച് റോഡ് നിർമിക്കണമെങ്കിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാകണം. ഇതിനായി രണ്ടു ഭാഗങ്ങളിലായി ഒന്പതു പേരിൽ നിന്നായി 45.45 ആർ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. ഇതിന്റെ ഭാഗമായി പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് തഹസിൽദാർ (കിഫ്ബി) കളക്ടര്ക്ക് നൽകിയിട്ടുണ്ട്.
വിജ്ഞാപനം പുറപ്പെടുവിച്ചാൽ ബന്ധപ്പെട്ടവർക്ക് അതിൻമേൽ ആക്ഷേപം ഉന്നയിക്കാൻ രണ്ട് മാസം നൽകണം. തുടർന്ന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രേഖകളുടെ പരിശോധന, സ്ഥലത്തിന്റെയും മരങ്ങളുടെയും വില നിർണയം തുടങ്ങിയ നടപടികൾ പൂർത്തിയാക്കണം. ഇതെല്ലാം യുദ്ധകാലടിസ്ഥാനത്തിൽ നടന്നാൽ ആറു മാസം കൊണ്ടു സ്ഥലം ഏറ്റെടുക്കാനാകും. അല്ലെങ്കിൽ വീണ്ടും കാത്തിരിക്കേണ്ടി വരും പൂനൂർ പുഴയ്ക്കു കുറുകെയാണ് പൂളക്കടവിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചത്. പുഴയുടെ പാർശ്വഭിത്തിയുടെ നിർമാണമാണവും പൂർത്തിയാകാനുണ്ട്. പ്രവൃത്തിയുടെ ഭാഗമായി ഇവിടെ മണൽ ചാക്കുകൾ നിറച്ചു വച്ചിട്ടുണ്ട്.
കുരുവട്ടൂർ പഞ്ചായത്ത് ഭാഗത്ത് 140 മീറ്റർ, കോർപറേഷൻ ഭാഗത്ത് 102 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് ഇരു വശങ്ങളിലും അപ്രോച്ച് റോഡ് നിർമിക്കുക. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കിഡ്ക്) മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. 18 മാസം കൊണ്ടു പൂർത്തിയാക്കുമെന്നായിരുന്നു ഉദ്ഘാടന സമയത്തെ പ്രഖ്യാപനം. രണ്ട് തവണ കാലാവധി നീട്ടി നൽകിയിരുന്നു.