സ്വകാര്യ എൻജിനീയറിംഗ് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
1491637
Wednesday, January 1, 2025 6:38 AM IST
നെടുമങ്ങാട് : പി.എ. അസീസ് എൻജിനീയറിംഗ് കോളജിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോളജ് ഉടമയും ചെയർമാനുമായ ഇ. മുഹമ്മദ് താഹയുടേതാണ് മൃതദേഹമെന്നു സംശയിക്കുന്നു.
കോളജിലെ പണിതീരാത്ത ഹാളിനുള്ളിലാണ് പൂർണമായും കത്തിയമർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം താഹയുടെ ഫോണും ഷൂവും ഹാളിനു മുൻപിൽനിന്നു കാറും പോലീസ് കണ്ടെത്തി. ഇതാണ് മൃതദേഹം താഹയുടേതാണെന്നു സംശയിക്കാൻ കാരണം.
നെടുമങ്ങാട് പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച നിലയിൽ കണ്ടെത്തിയതു താഹ തന്നെയാകാനാണ് സാധ്യതയെന്നും ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാൻ സാധിക്കുവെന്നും നെടുമങ്ങാട് എസ്എച്ച്ഒ രാജേഷ് കുമാർ പറഞ്ഞു.കോളജുമായി ബന്ധപ്പെട്ടു സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി പറയുന്നു.
വർഷങ്ങൾക്കുമുമ്പ് കോളജിന്റെ അഫിലിയേഷൻ റദാക്കാനിടയായിരുന്നു. കുറച്ചുകാലം കോളജ് അടച്ചിട്ടശേഷം അടുത്തിടെയാണു വീണ്ടും പ്രവർത്തനം ആരംഭിച്ചത്. പ്രതിസന്ധികൾ തരണം ചെയ്തു കോളജ് പ്രവർത്തനം തുടങ്ങിയെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ താഹയെ അലട്ടിയിരുന്നതായി പറയുന്നു. വസ്തു വകകൾ ക്രയവിക്രയം നടത്താൻ സാധിക്കാത്ത തരത്തിൽ ആദായനികുതി വകുപ്പ് അറ്റാച്ച് ചെയ്തിരുന്നതായും പറയുന്നു.
ഇതുമൂലം വസ്തുവിറ്റു കടം തീർക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്നു താഹ പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി.