യുഎസ്ടിക്ക് മൂന്നാം വര്‍ഷവും മഹാത്മാ അവാര്‍ഡ്
1465563
Friday, November 1, 2024 2:38 AM IST
തിരുവനന്തപുരം: കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി സംരംഭങ്ങളിലൂടെ പൊതുസമൂഹത്തില്‍ കാതലായ മാറ്റങ്ങളുണ്ടാക്കുന്നതിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മഹാത്മാഅവാര്ഡ് ഫോര്‍ സിഎസ്ആര്‍ എക്സലന്‍സ് പുരസ്കാരത്തിന് അര്‍ഹമായി.
ഇതോടൊപ്പം യുഎസ്ടിയുടെ സിഎസ്ആര്‍ ഗ്ലോബല്‍ പ്രോഗ്രാം മാനേജരായ സ്മിത ശർമയെ മഹാത്മാ അവാര്‍ഡ് 2024 യംഗ് ചേഞ്ച് മേക്കര്‍ ആയും പ്രഖ്യാപിച്ചു. വൈദഗ്ധ്യം, കഴിവ്, വിഭവങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി സമൂഹനന്മയ്ക്കായി സ്വാധീനം ചെലുത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് മഹാത്മാ പുരസ്ക്കാരങ്ങളിലൂടെ ആദരിക്കുന്നത്.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തില് ആദിത്യ ബിര്‍ള ഗ്രൂപ്പ് സമ്മാനിക്കുന്ന ഈ പുരസ്ക്കാരങ്ങള്‍ നേടിയതിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാര്‍ഗം, പരിസ്ഥിതി, ദുരന്തനിവാരണം എന്നീ മേഖലകളില്‍ യുഎസ്ടിയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നു യുഎസ്ടി ചീഫ് വാല്യൂസ് ഓഫീസര്‍ സുനില്‍ ബാലകൃഷ്ണന് പറഞ്ഞു.