സിപിഎം അമ്പൂരി, വെള്ളറട ലോക്കല്‍ സമ്മേളനങ്ങളില്‍ വിഭാഗീയത
1465419
Thursday, October 31, 2024 7:09 AM IST
വെള്ളറട: സിപിഎം അമ്പൂരി, വെള്ളറട ലോക്കല്‍ സമ്മേളനങ്ങളില്‍ വിഭാഗീയത മറനീക്കി പുറത്ത്. രണ്ടുദിവസം മുന്‍പ് നടന്ന അമ്പൂരി ലോക്കല്‍ സമ്മേളനത്തില്‍ 15 അംഗ കമ്മിറ്റിയില്‍ 14 പേരെയാണ് പ്രഖ്യാപിച്ചത്. പഴയ കമ്മിറ്റിയില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ അഞ്ചുപേരെ മാറ്റി പകരം നാലുപേരെ പുതുതായി ഉള്‍പ്പെടുത്തിയാണ് പ്രഖ്യാപനം നടത്തിയത്. ഇതില്‍ ചില പ്രതിനിധികള്‍ പ്രതിഷേധിച്ചു.
സാമ്പത്തിക ക്രമക്കേടും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളും ആരോപിച്ച് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ മുന്‍ ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന കുടപ്പനമൂട് ബാദുഷയെ നിലവിലെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിനിധികളില്‍ കുറച്ചുപേര്‍ മുന്നോട്ടുവന്നു.
ഇതിനെ ചിലര്‍ എതിര്‍ത്തതോടെ വാക്കേറ്റത്തിലും ബഹളത്തിലും കലാശിച്ചു. പിന്നീട് സെക്രട്ടറിയെ തെരഞ്ഞെടുക്കാനായി നടന്ന യോഗത്തില്‍ കൊണ്ടകെട്ടി സുരേന്ദ്രന്റെയും നിലവിലെ സെക്രട്ടറി ബിജു തുരുത്തേലിന്റെ പേരും ഉയര്‍ന്നുവന്നെങ്കിലും നേതൃത്വം ഏകപക്ഷീയമായി ബിജു തുരുത്തേലിനെ സെക്രട്ടറിയായി പ്രഖ്യാപിച്ചത് പ്രതിഷേധത്തിനിടയാക്കി.
കുറച്ചു പേര് സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയതായും ചിലർ പറയുന്നു. 28ന് പൊതുസമ്മേളനവും നടത്താനായില്ല. എന്നാൽ പാര്‍ട്ടി തീരുമാനമനുസരിച്ചാണ് സമ്മേളനം നടന്നതെന്നും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് പൊതുസമ്മേളനം മറ്റൊരു ദിവസം നടത്താനായി നേരത്തേ തീരുമാനിച്ചിരുന്നതായും നേതൃത്വം അറിയിച്ചു.
വെള്ളറട ലോക്കല്‍ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടുപേരെ നിര്‍ദേശിച്ചതോടെ കാര്യങ്ങൾ വോട്ടെടുപ്പിന്റെ വക്കോളമെത്തി. എന്നാൽ പ്രതിനിധികളില്‍ ഭൂരിഭാഗവും പിന്തുണച്ച പി.കെ.ബേബിയെ സെക്രട്ടറിയാക്കാതെ നിലവിലെ സെക്രട്ടറിയെ പ്രഖ്യാപിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ പ്രതിനിധികള്‍ എതിര്‍ത്തു.
തുടര്‍ന്ന് സെക്രട്ടറിയെ തെരഞ്ഞെടുക്കാതെ മറ്റൊരു ഏരിയാ കമ്മിറ്റിയംഗത്തിന് ചുമതല നല്കി സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.