വിഴിഞ്ഞം തുറമുഖം : പ്രതിസന്ധിയിലായിരുന്ന ഭൂമി ഏറ്റെടുക്കാനൊരുങ്ങി അധികൃതർ
1465423
Thursday, October 31, 2024 7:09 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി വർഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന ഭൂമികൾ ഏറ്റെടുക്കാനൊരുങ്ങി അധികൃതർ. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദ്യമായി ഏറ്റെടുക്കുന്ന പന്ത്രണ്ട് ഏക്കറോളം ഭൂമിയുടെ കാര്യത്തിലാണ് തീരുമാനമാകുന്നത്.
വിലയുടെ പേരിൽ തുടക്കത്തിൽ തടസമുന്നയിച്ചവർക്ക് കനത്ത തിരിച്ചടി നൽകിയാണ് പുതിയ നടപടിയെന്നറിയുന്നു. തുറമുഖ കവാടമായ മുല്ലൂർ മുതൽ കരിമ്പള്ളിക്കരവരെ വരുന്ന പന്ത്രണ്ട് ഏക്കർ ഭൂമിയാണ് 2022 ലെ പഴയ നോട്ടിഫീക്കേഷന്റെ പരിധിയിൽപ്പെടുത്തി ഏറ്റെടുക്കുന്നത്.
രണ്ട് വലിയ റിസോർട്ടുകളും വീടുകളും ഉൾപ്പെടുന്ന മേഖലയാണിത്.
തുറമുഖം വരുന്ന കടൽത്തീര ഏരിയയെ എ എന്ന ഒറ്റ ഗ്രേഡിൽപ്പെടുത്തിയാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുത്തത്. സെന്റിന് 13 ലക്ഷത്തോളം രൂപയും വീടുകൾക്ക് പ്രത്യേക നഷ്ടപരിഹാരവും വീടുകൾ നഷ്ടപ്പെടുന്നവർക്ക് പുതിയ വീടുവയ്ക്കാൻ അഞ്ച് സെന്റ് വസ്തുവിനുപരി വൃക്ഷങ്ങൾക്ക് വരെ വിലയിട്ട് പണം നൽകി നാട്ടുകാരെ തൃപ്തിപ്പെടുത്തി.
എന്നാൽ റിസോർട്ടുകാർ ഉൾപ്പെടെ പതിനഞ്ചോളം പേർ ഭൂമിയുടെ നഷ്ടപരിഹാരത്തെ കുറിച്ച് തടസവാദമുന്നയിച്ചതോടെ ബാക്കിയുള്ളവയുടെ ഏറ്റെടുക്കൽ അനിശ്ചിതത്വത്തിലായി. തുറമുഖ നിർമാണം തുടങ്ങി ഒൻപത് വർഷം അടുക്കുന്നത് വരെ അനങ്ങാതിരുന്ന അധികൃതർ പെട്ടെന്ന് തീരുമാനവുമായി ഇപ്പോൾ രംഗത്തിറങ്ങി.
നേരത്തെ എ ഗ്രേഡ് നിശ്ചയിച്ച സ്ഥലത്തെ എ, ബി, സി, എന്നിങ്ങനെ വീണ്ടും ഗ്രേഡ് തിരിച്ചു. എ ഗ്രേഡിന് 13.70 ലക്ഷവും ബി. ഗ്രേഡിന് 9.7 ലക്ഷം രൂപയും വിലയിട്ടു. സി. ഗ്രേഡിന്റെ വില പിന്നെ അറിയിക്കുമെന്നും നാട്ടുകാരെ അധികൃതർ അറിയിച്ചു.
കൂടാതെ സിആർഇസഡിന്റെ പേര് പറഞ്ഞ് റിസോർട്ടുകളുടെ കെട്ടിടങ്ങൾക്കും വീടുകൾക്കും നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയില്ലെന്ന തൊടുന്യായം അധികൃതർ നിരത്തിയതായും ഭൂഉടമകൾ പറയുന്നു. ഇവിടത്തെ ഭൂമി ഏറ്റെടുക്കലിന് 2017ൽ പുറത്തിറക്കിയ നോട്ടിഫിക്കേഷൻ 2020 ലും 2022 ലും പുതുക്കി.
നിലവിൽ ആദ്യം നിശ്ചയിച്ച തുകയും 2022ന് ശേഷമുള്ള പലിശയും ഉൾപ്പെടെയാണ് നഷ്ടപരിഹാരം. ഇനിയും തടസം നിൽക്കുന്നവർക്കുള്ള തുക കോടതിയിൽ കെട്ടിവച്ച ശേഷം ഭൂമി ഏറ്റെടുക്കാനും തീരുമാനമുണ്ടെന്നറിയുന്നു. ഇതോടെ അന്താരാഷ്ട്ര തുറമുഖത്തിന് സുരക്ഷാവേലി നിർമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കും തീരുമാനമാകും.