യുവ ഉത്സവ്: ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കാൻ അവസരം
1465409
Thursday, October 31, 2024 7:00 AM IST
തിരുവനന്തപുരം: ശാസ്ത്ര സങ്കേതിക മേഖലയിലെ നൂതന ആശയങ്ങൾ, പരീക്ഷണങ്ങൾ, കണ്ടുപിടിത്തങ്ങൾ എന്നിവ അവതരിപ്പിക്കാൻ യുവതി യുവാക്കൾക്ക് അവസരം ഒരുക്കുന്നു. നവംബറിൽ ജില്ലാതലങ്ങളിൽ നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ജില്ലാതല യുവ ഉത്സവിൽ ഈ വർഷം മുതൽ കലാ-സാംസ്കാരിക മത്സരങ്ങൾക്കു പുറമെ ശാസ്ത്രപ്രദർശനം കൂടി സംഘടിപ്പിക്കും.
മേളയോടനുബന്ധിച്ചു വിവിധ സർക്കാർ വകുപ്പുകൾ, എജൻസികൾ എന്നിവ ഒരുക്കുന്ന സ്റ്റാളുകളും യുവ ഉത്സവിന്റെ ഭാഗമായി ഉണ്ടാകും മത്സര ഇനങ്ങളിൽ കവിതാരചന, പെയിന്റിംഗ്, മൊബൈൽ ഫോട്ടോഗ്രാഫി, പ്രഭാഷണം എന്നീ വ്യക്തിഗത ഇനങ്ങളും നാടോടി നൃത്തം ഗ്രൂപ്പ് ഇനവുമാണ്. സയൻസ് മേളയിലെ ഗ്രൂപ്പ് ഇനത്തിൽ പരമാവധി അഞ്ചു പേർക്ക് പങ്കെടുക്കാം. ഇതിൽ വ്യക്തിഗത ഇനത്തിലും പങ്കെടുക്കാൻ അവസരമുണ്ട് .
മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് പ്രൈസും, സർട്ടിഫിക്കറ്റും നെഹ്റു യുവകേന്ദ്ര നൽകും ഒന്നാം സ്ഥാനക്കാർക്ക് ഡിസംബർ 14, 15 തീയതികളിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
സംസ്ഥാനതല മത്സരത്തിലെ വിജയികളാണ് അടുത്ത ജനുവരി 12 മുതൽ 16 വരെ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം, മേരാ യുവ ഭാരത് മുഖേന സംഘടിപ്പിക്കുന്ന ദേശീയ യുവ ഉൽസവിൽ പങ്കെടുക്കുക. വിശദവിവരങ്ങൾക്ക് നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫീസർമാരുമായി ബന്ധപ്പെടുക.