പാർട്ടിവളർത്തലും ശത്രുസംഹാരവും കസേരസംരക്ഷണവും രാഷ്ട്രീയത്തിന്റെ മുഖ്യ അജൻഡയായ കാലത്ത് ചോദ്യം പടരുകയാണ്. “നമ്മൾ ഏതു ലോകത്താണ് ജീവിക്കുന്നത്?” പക്ഷേ, അതിന്റെ ഉത്തരം അനധിവിദൂരഭാവിയിൽ ‘ഗാംഗ്സ്റ്റർ സ്റ്റേറ്റ്’ എന്നാകരുത്.
“കൊലയാളികൾ വീരനായകരാകുന്നു, വെടിവച്ചവർ അറസ്റ്റിനുശേഷം മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നു, ലോറൻസ് ബിഷ്ണോയി ജയിലിൽ സുരക്ഷിതനും സംരക്ഷിതനുമായിരുന്ന് തന്റെ നീചമായ കച്ചവടം തുടരുന്നു. നമ്മൾ ഏതു ലോകത്താണ് ജീവിക്കുന്നത്?” മുൻ ലോക്സഭാംഗം പ്രിയ നർഗീസ് ദത്ത് ദിവസങ്ങൾക്കുമുന്പ് എക്സിൽ കുറിച്ച വാക്കുകളാണിത്.
ഗുണ്ടകളും മയക്കുമരുന്നു വിതരണക്കാരും രാഷ്ട്രീയ കുറ്റവാളികളും സമൂഹഗാത്രത്തെ നിരന്തരം രോഗാതുരമാക്കുന്ന കാഴ്ചയാണ് രാജ്യത്തെങ്ങും കാണുന്നത്. കോടിക്കണക്കിനാളുകൾ ചോദിക്കുകയോ അതിലേറെ പേർ മനസിൽ കൊണ്ടുനടക്കുകയോ ചെയ്യുന്ന ചോദ്യമാണിത്. “നമ്മൾ ഏതു ലോകത്താണ് ജീവിക്കുന്നത്?”
പ്രിയയുടെ വാക്കുകൾ മുംബൈ അധോലോകവില്ലൻ ലോറൻസ് ബിഷ്ണോയിയും സംഘവും നടത്തുന്ന അഴിഞ്ഞാട്ടത്തെ അവലംബിച്ചുള്ളതാണ്. ബിഷ്ണോയി സംഘം വെടിവച്ചുകൊന്ന മഹാരാഷ്ട്ര മുന്മന്ത്രിയും എന്സിപി അജിത് പവാര്പക്ഷ നേതാവുമായ ബാബ സിദ്ദിഖി പ്രിയയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ്.
അതുകൊണ്ടുകൂടിയാവാം പ്രിയയുടെ പ്രതികരണം. ബിഹാറിൽനിന്നുള്ള എംപി പപ്പു യാദവിനും യൂട്യൂബിൽ പ്രശസ്തനായ ആത്മീയ പ്രഭാഷകൻ 10 വയസുകാരൻ അഭിനവ് അറോറയ്ക്കും കഴിഞ്ഞദിവസം ബിഷ്ണോയി സംഘത്തിൽനിന്നു വധഭീഷണിയുണ്ടായി. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പേരിൽ ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാൻ ശ്രമിച്ചതും ഈ സംഘമാണ്.
നിരവധി കൊലപാതകക്കേസുകളിൽ പ്രതിയായ ബിഷ്ണോയി ജയിലിൽ കിടന്നാണ് അധോലോക പ്രവർത്തനം തുടരുന്നത്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സഹായമില്ലാതെ എങ്ങനെയാണ് ഒരു കൊടുംകുറ്റവാളിക്ക് ജയിലിൽകിടന്നുകൊണ്ട് ഇതൊക്കെ നിയന്ത്രിക്കാൻ സാധിക്കുന്നത്? ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ പരോളും ജയിലിലെ സുഖജീവിതവും ഓർക്കുക.
ഒരു വാർത്തപോലുമാകാതെ എത്രയോ മനുഷ്യരാണ് ആക്രമണത്തിനിരയാകുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നത്! പശുവിനെ കൊന്നെന്നോ പശുവിറച്ചി കഴിച്ചെന്നോ ഉള്ള സംശയത്തിന്റെ പേരിൽ പോലും എത്ര മനുഷ്യരെയാണ് പരസ്യമായി തല്ലിക്കൊന്നത്? ന്യൂനപക്ഷ മതത്തിൽ പെട്ടതിന്റെ പേരിൽ മാത്രം നിരവധി മനുഷ്യർ കൊല്ലപ്പെടുകയും ആക്രമണങ്ങൾക്കിരയാകുകയും ചെയ്തു.
മയക്കുമരുന്നു വ്യാപാരികളെയും ഗുണ്ടകളെയും നിയന്ത്രിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. യുപിയിൽ നിരവധി ഗുണ്ടകൾ പോലീസുമായുള്ള ഏറ്റുമുട്ടലിലോ വ്യാജ ഏറ്റുമുട്ടലുകളിലോ കൊല്ലപ്പെട്ടു. പക്ഷേ, ഭരിക്കുന്ന പാർട്ടിയുമായി ബന്ധമുള്ളവരെ തൊടില്ല. നമ്മൾ ഏതു ലോകത്താണു ജീവിക്കുന്നത്?
സിപിഎം നേതാവായ പി.പി. ദിവ്യയെ തൊടാതെ രണ്ടാഴ്ച പോലീസ് ലജ്ജാകരമായ ഒളിച്ചുകളി നടത്തിയ കേരളത്തിലിരുന്നാണ് നാം ഇതു പറയുന്നത്. പാർട്ടിക്കാർ പ്രതിസ്ഥാനത്തുവന്നാൽ പോലീസ് നോക്കുകുത്തിയാകും. പ്രാദേശികനേതാക്കളിൽ പലരും അധികാരവും സന്പത്തുംകൊണ്ട് നാടുവാഴികളായി.
സാരിയുടുത്ത ധാർഷ്ട്യമായ പി.പി. ദിവ്യയ്ക്കുവേണ്ടി പാർട്ടിയുടെ യുവജനസംഘടനയിലെ നേതാക്കൾപോലും ന്യായീകരണം നടത്തിയത് അപചയത്തിന്റെ രാഷ്ട്രീയ ദൃഷ്ടാന്തമായി. കോടതിയുടെ ഇടപെടലില്ലെങ്കിൽ രാഷ്ട്രീയ സംരക്ഷണത്തിന്റെ ചെങ്കോട്ടകളിൽനിന്നു പല ദിവ്യരെയും പുറത്തിറക്കാനാകില്ല. പാർട്ടിബലമില്ലെങ്കിൽ ദാരുണാന്ത്യത്തിനിരയായ കണ്ണൂരിലെ മുൻ എഡിഎം നവീൻ ബാബുവിനെതിരേ നിയമവിരുദ്ധവും ക്രൂരവുമായ പരാമർശം നടത്താൻ ദിവ്യ ധൈര്യപ്പെടില്ല.
മരണാനന്തരവും അപകീർത്തി പരാമർശങ്ങൾ നടത്താനും കള്ളത്തെളിവുകളുണ്ടാക്കാനും ശ്രമിക്കുകയുമില്ല. ഗുണ്ടകളും മയക്കുമരുന്ന് ഇടപാടുകാരും രാഷ്ട്രീയ കുറ്റവാളികളുമില്ലാത്ത മുക്കോ മൂലയോ കണ്ടെത്താൻ കേരളത്തിലും ബുദ്ധിമുട്ടായി. സാമൂഹികവിരുദ്ധരായ കൗമാരക്കാരെപോലും നിയന്ത്രിക്കാൻ പോലീസിനു കഴിയുന്നില്ല. കാപ്പാ ചുമത്തി നാടുകടത്തുന്ന ഗുണ്ടകൾ തങ്ങളുടെ സംസ്ഥാനവ്യാപക ബന്ധങ്ങളുപയോഗിച്ച് വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടുന്നു. ആർക്കാണ് പാർട്ടി ബന്ധമുള്ളതെന്ന് അറിയാത്തതിനാൽ ജനം പ്രതികരണം നിർത്തി. പോലീസുകാർ പണ്ടേ നിഷ്ക്രിയരായി.
2019ൽ പീറ്റർ ലൂയി മൈബർഗ് എഴുതിയ പുസ്തകമാണ് ഗാംഗ്സ്റ്റർ സ്റ്റേറ്റ്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് നേതാവ് എയ്സ് മെഗഷൂളിന്റെ അഴിമതികളെക്കുറിച്ചും കുറ്റവാളി-കച്ചവട ബന്ധങ്ങളെക്കുറിച്ചുമാണ് അതിൽ പറയുന്നത്. വർണവിവേചനത്തിനെതിരേ ജനകോടികളെ അണിനിരത്തിയ നെൽസൺ മണ്ഡേലയെപ്പോലുള്ളവർ വളർത്തിയ പ്രസ്ഥാനത്തിന്റെ അപചയം. “ഗാംഗ്സ്റ്റർ സ്റ്റേറ്റ്: സിപിഎമ്മിന്റെ പശ്ചിമബംഗാളിലെ ഉയർച്ചയും വീഴ്ചയും’’ എന്ന പേരിൽ ഇന്ത്യയിൽ മറ്റൊരു പുസ്തകം ഇറങ്ങി.
മാധ്യമപ്രവർത്തകനായ സൗർജ്യ ഭൗമിക് രചിച്ച പുസ്തകം, ബംഗാളിൽ 35 വർഷത്തെ ഭരണത്തിനിടെ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ക്രൂരതകളും അടിച്ചമർത്തലുകളും ബൂത്ത് പിടിത്തവുമൊക്കെ എണ്ണിയെണ്ണി പറയുന്നുണ്ട്. ജനമനസിൽനിന്നു പൂർണമായും തൂത്തെറിയപ്പെട്ട സിപിഎമ്മിനെക്കുറിച്ച് എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാവായിരുന്ന രജത് ലാഹിരി പറയുന്ന സാക്ഷ്യങ്ങളാണ് പുസ്തകത്തിലുള്ളത്.
സ്വാതന്ത്ര്യത്തിന്റെയും സോഷ്യലിസത്തിന്റെയും ജനാധിപത്യത്തിന്റെയും പാവങ്ങളുടെ ഉന്നമനത്തിന്റെയും മുദ്രാവാക്യങ്ങളുയർത്തിയവർ അതിന്റെയെല്ലാം അന്തകരായി മാറിയ അധികാര രൂപാന്തരീകരണത്തെ ഒരു പോസ്റ്റ്മോർട്ടം തട്ടിൽ കിടത്തിയിരിക്കുകയാണ് സൗർജ്യ ഭൗമിക്. ഒരിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിജയിച്ചുകൊണ്ടിരുന്ന എസ്എഫ്ഐയുടെയും ഗുണ്ടായിസത്തെ ന്യായീകരിച്ചിരുന്ന ഡിവൈഎഫ്ഐയുടെയും പേക്കൂത്തുകൾ മഹാവിപ്ലവത്തിന്റെ ഭാഗമാണെന്നു സ്വയം വിശ്വസിച്ച കമ്യൂണിസ്റ്റായിരുന്ന രജത് ലാഹിരി. ഒടുവിൽ, പാർട്ടി ചെയ്തുകൂട്ടിയ തിന്മകളുടെ ഭാഗം മാത്രമായിരുന്ന താനെന്ന് അയാൾ തിരിച്ചറിയുകയാണ്.
പാർട്ടിയും പോലീസും സംരക്ഷിക്കാൻ ശ്രമിച്ച പി.പി. ദിവ്യ കേരളത്തിലെ രാഷ്ട്രീയ അപചയത്തിന്റെ ഉദാഹരണങ്ങളിൽ ഏറ്റവും പുതിയതാണ്. അവർ കുറ്റവാളിയാണെങ്കിലും അല്ലെങ്കിലും പാർട്ടി, നിയമത്തിനു വിട്ടുകൊടുക്കണമായിരുന്നു. കൊടിയ അഴിമതിയാരോപണങ്ങൾക്കുപോലും മറുപടി പറയാനാകാത്ത സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാരിനെപ്പോലെ സ്വന്തം പാർട്ടിക്കാരുടെ അഴിമതിയും കുറ്റകൃത്യങ്ങളും ഗുണ്ടാമനോഭാവവും കണ്ടില്ലെന്നു നടിക്കുകയാണ്.
പാർട്ടിവളർത്തലും ശത്രുസംഹാരവും കസേരസംരക്ഷണവും രാഷ്ട്രീയത്തിന്റെ മുഖ്യ അജൻഡയായ കാലത്ത് ചോദ്യം പടരുകയാണ്. “നമ്മൾ ഏതു ലോകത്താണ് ജീവിക്കുന്നത്?” പക്ഷേ, അതിന്റെ ഉത്തരം അനതിവിദൂരഭാവിയിൽ ‘ഗാംഗ്സ്റ്റർ സ്റ്റേറ്റ്’ എന്നാകരുത്.