ബാലാവകാശ കമ്മീഷൻ മതേതരമാകണം
Friday, October 25, 2024 12:00 AM IST
ന്യൂനപക്ഷങ്ങൾക്കെതിരേ സംഘപരിവാർ നടത്തുന്ന അക്രമങ്ങൾ പോലെ ബാലാവകാശ കമ്മീഷന്റെ ദ്രോഹങ്ങളും എണ്ണപ്പെടും.
യാതൊരു തെളിവോ അടിസ്ഥാനവിവരങ്ങളോ ഇല്ലാതെ ന്യൂനപക്ഷങ്ങൾക്കേതിരേ പലതവണ ആരോപണങ്ങൾ ഉന്നയിക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്തിട്ടുണ്ട് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനുംഗോ. അതേ ശൈലിയിൽ രാജ്യത്തെ മദ്രസകൾക്കെതിരേ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്കു മുന്നിൽ കുഴഞ്ഞുവീണത്.
ദേശീയ ബാലാവകാശ കമ്മീഷൻ ഒരു സംഘപരിവാർ സംഘടനയാണെന്ന് അധ്യക്ഷൻ കരുതുന്നുണ്ടെങ്കിൽ തിരുത്തേണ്ടതാണ്. ജാതിമത ഭേദമെന്യേ എല്ലാ കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും തലപ്പത്തുള്ളവരുടെ മതതാത്പര്യങ്ങൾ സംരക്ഷിക്കാനല്ല സർക്കാർ സ്ഥാപനങ്ങൾ എന്നും ബോധ്യമുള്ളവരെ മാത്രം ഈ സ്ഥാനത്ത് ഇരുത്തുന്നതാകും ഉചിതം.
മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് പൊതുസമൂഹത്തിനു വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ, വസ്തുതാപരമായ രേഖകളും തെളിവുകളുമില്ലാതെ കവലപ്രസംഗം നടത്താനല്ല ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. രാജ്യത്തെ മദ്രസ ബോർഡുകൾ നിര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസാവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചുപൂട്ടണമെന്നുമാണ് ദേശീയ ബാലാവകാശ കമ്മീഷൻ രണ്ടാഴ്ച മുന്‍പ് പരാമർശം നടത്തിയത്.
മദ്രസകളിൽ ഭരണഘടനാ ലംഘനം നടക്കുന്നു എന്നു ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയയ്ക്കുകയും ചെയ്തു. ഉടന്‍തന്നെ ഉത്തർപ്രദേശ്, ത്രിപുര സർക്കാരുകള്‍ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. പക്ഷേ, കമ്മീഷന്റെ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലാഹാബാദ് ഹൈക്കോടതി വിധിക്കെതിരേയുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ബാലാവകാശ കമ്മീഷന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യങ്ങൾകൊണ്ടു നേരിട്ടത്.
മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനാണ് ആശങ്കയെന്നും സന്യാസീമഠങ്ങളിൽ കുട്ടികളെ അയയ്ക്കുന്നതിൽ നിർദേശമുണ്ടോ എന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ച് ചോദിച്ചു. വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും ഉരുക്കുമൂശയാണ് നമ്മുടെ രാജ്യമെന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും കോടതിക്ക് ഓർമിപ്പിക്കേണ്ടിവന്നു.
മദ്രസ വിദ്യാഭ്യാസം പല രാജ്യങ്ങളിലും തീവ്രമതചിന്താഗതികൾക്കു വഴിതെളിച്ചിട്ടുണ്ടെന്ന അഭിപ്രായം പുതിയതല്ല. പ്രത്യേകിച്ച്, മതരാഷ്ട്രസങ്കൽപ്പങ്ങൾ കൊണ്ടുനടക്കുന്ന മതസംഘടനകൾ അത്തരം സ്ഥാപനങ്ങൾ നടത്തുന്പോൾ. പക്ഷേ, അത്തരം എന്തെങ്കിലും കാര്യങ്ങൾ മദ്രസകളിൽ നടക്കുന്നതായി തെളിയിക്കാനുള്ള വസ്തുതകളൊന്നും ബാലാവകാശ കമ്മീഷന്റെ കൈവശമില്ലായിരുന്നു.
രണ്ടാമത്തെ കാര്യം, അധ്യക്ഷൻ പ്രിയങ്ക് കനുംഗോ ഇതിനുമുന്‍പും ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളെ ദ്രോഹിക്കാൻ ഇറങ്ങിപ്പുറപ്പെടുകയും വിമർശനങ്ങൾ നേരിടുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ കത്തോലിക്കാ സഭയുടെ ഭോപ്പാലിലെ എയ്ഞ്ചൽ ബാലഗൃഹ ഹോസ്റ്റലിൽ ദേശീയ ബാലാവകാശ കമ്മീഷൻ കടന്നുകയറി പരിശോധന നടത്തുകയും 26 പെൺകുട്ടികളെ കാണാതായെന്നു തെറ്റായ വാർത്ത പ്രചരിപ്പിക്കുകയും ചെയ്തു.
പക്ഷേ, മാതാപിതാക്കളുടെ താത്പര്യപ്രകാരം അടുത്തുള്ള വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർഥിനികളെ ഹോസ്റ്റലിൽ താമസിപ്പിച്ചതാണെന്നും അവർ സ്വന്തം വീടുകളിൽ ഉണ്ടെന്നും പോലീസും ഭോപ്പാൽ ജില്ലാ കളക്ടറും റിപ്പോർട്ട് നൽകി. അനുമതിയില്ലാതെ ബാലികാസംരക്ഷണകേന്ദ്രം നടത്തിയെന്ന കേസിൽ അറസ്റ്റിലായ, സ്ഥാപനത്തിന്റെ ചുമതലയുള്ള ഫാ. അനിൽ മാത്യു സിഎംഐക്ക് ആഴ്ചകൾക്കു ശേഷമാണു ജാമ്യം ലഭിച്ചത്.
മതപരിവർത്തനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ അദ്ദേഹത്തിനെതിരേ ചുമത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. 2021 നവംബർ എട്ടിന് ഭോപ്പാലിൽനിന്ന് 50 കിലോമീറ്റർ അകലെ ഖേരി ഗ്രാമത്തിൽ കത്തോലിക്കാ സഭയുടെ സിസ്റ്റേഴ്സ് ഓഫ് ജീസസ് നടത്തുന്ന പെൺകുട്ടികളുടെ ഹോസ്റ്റലിൽ കനുംഗോയും സംഘവുമെത്തി.
പെൺകുട്ടികളുടെ മുറിയിൽ കയറി പുരുഷന്മാർ നടത്തിയ പരിശോധനയിൽ, ബൈബിൾ കണ്ടെത്തിയെന്നും മതപരിവർത്തനത്തിനു ശ്രമിക്കുന്നെന്നുമായിരുന്നു ആരോപണം. ക്രിസ്ത്യാനികളായ പെൺകുട്ടികളുടേതായിരുന്നു ബൈബിൾ. പാവപ്പെട്ട പെൺകുട്ടികളെ ഹോസ്റ്റലിൽ നിന്നു പഠിക്കാൻ സഹായിച്ചതാണ് കന്യാസ്ത്രീകൾ ചെയ്ത ‘കുറ്റം’. തങ്ങളെ ആരും മതം മാറാൻ പ്രേരിപ്പിക്കുന്നില്ലെന്ന് കുട്ടികളുടെ മാതാപിതാക്കളും പറഞ്ഞതോടെ പരിചരണത്തിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടെന്നും കുട്ടികളെ വീടുകളിലേക്കു മാറ്റണമെന്നും റിപ്പോർട്ടുണ്ടാക്കി.
അതേ വർഷം ഓഗസ്റ്റിൽ കനുംഗോയും സംഘവും ഗുജറാത്തിലെ വഡോദര മകർപുരയിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി ആശ്രമത്തിലുമെത്തിയിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും സ്ഥാപനത്തിനെതിരേ, ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മതപരിവർത്തനത്തിനു പ്രേരിപ്പിക്കുന്നെന്നും ആരോപിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
2023 മേയിലാണ് മധ്യപ്രദേശിലെ സാഗറിനു സമീപത്തെ 150 വർഷം പഴക്കമുള്ള സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ റെയ്ഡ് നടത്തുകയും അതിന്റെ മറവിൽ പള്ളിയും ഓഫീസുമെല്ലാം അലങ്കോലമാക്കുകയും വൈദികരെ മർദിക്കുകയും ചെയ്തത്.
എല്ലായിടത്തും തുടരന്വേഷണങ്ങളിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഉദ്യോഗസ്ഥർതന്നെ അറിയിക്കുമെങ്കിലും താമസിയാതെ കേസെടുക്കുന്നതാണു കാണുന്നത്. അതിനുള്ള സമ്മർദം ബാലാവകാശ കമ്മീഷന്റേതു മാത്രമാണോയെന്ന് അറിയില്ല.
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളെ വർഗീയ-ന്യൂനപക്ഷ വിരുദ്ധ നടപടികൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ കോടതികളുടെ ഇടപെടൽ അതിനെ ഇടയ്ക്കിടെ തുറന്നുകാണിക്കുന്നുണ്ട്. ഇതേ ബാലാവകാശ കമ്മീഷൻ, രാഖിയും കുറിയും അണിഞ്ഞ് സ്കൂളിലെത്തുന്ന കുട്ടികളെ ശിക്ഷിക്കരുതെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ വകുപ്പുകൾക്ക് ഓഗസ്റ്റിൽ നിർദേശം നൽകിയതും കൂട്ടിവായിക്കാം.
ന്യൂനപക്ഷങ്ങൾക്കെതിരേ സംഘപരിവാർ നടത്തുന്ന നൂറുകണക്കിന് അക്രമങ്ങൾ പോലെ ബാലാവകാശ കമ്മീഷന്റെ ദ്രോഹങ്ങളും എണ്ണപ്പെടും. സുപ്രീംകോടതിയുടെ ചോദ്യം അവരെ പിന്തിരിപ്പിക്കുമെന്നു കരുതാനാവില്ല.
കാരണം, പ്രിയങ്ക് കനുംഗോയെ പോലുള്ളവരെ തടയാൻ സർക്കാരുണ്ടാകുമെന്നു ന്യൂനപക്ഷങ്ങൾക്ക് ഉറപ്പില്ല. സംഭാഷണങ്ങൾക്കും സഹിഷ്ണുതയ്ക്കും സമാധാനത്തിനുംവേണ്ടി പ്രസംഗിക്കുന്നതുപോലെ എളുപ്പമല്ലല്ലോ പ്രവർത്തിക്കാൻ.