ഒടുവിലത്തെ റബർ തോട്ടങ്ങൾ
Thursday, October 24, 2024 12:00 AM IST
പെട്രോളിന്റെയും ഡീസലിന്റെയും വിലനിർണയം എണ്ണക്കന്പനികൾക്കു കൊടുത്ത് ജനങ്ങളെ കൊള്ളയടിക്കുകയും വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്തതുപോലെയുള്ള സർക്കാർ ചതിയാണ് രാജ്യത്തെ റബർ വിലയുടെ നിയന്ത്രണം റബർബോർഡിനെ മുന്നിൽ നിർത്തി പരോക്ഷമായി ടയർ വ്യവസായികൾക്കു തീറെഴുതിയത്.
കേരളത്തിലെ റബർതോട്ടങ്ങളിൽ ഭരണകൂടങ്ങൾ പരാജയപ്പെടുത്തിയ മനുഷ്യരുടെ കാൽപ്പെരുമാറ്റമേ ഇനി ബാക്കിയുള്ളു. റേഷൻ വാങ്ങാനെങ്കിലും നിവൃത്തിയുള്ളവർ തോട്ടങ്ങളിൽനിന്നു കയറിപ്പോയി. റബർബോർഡിനെ ഉപയോഗിച്ചു പാവപ്പെട്ട കർഷകരുടെ അധ്വാനത്തിന്റെ വില ടയർ വ്യവസായികളുടെ പണപ്പെട്ടികളിലെത്തിച്ചു കേന്ദ്രസർക്കാർ കർഷകരെ ചതിച്ചപ്പോൾ സംസ്ഥാനസർക്കാർ കാഴ്ചക്കാരായി നിൽക്കുകയും ചെയ്തു. താങ്ങുവില ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾക്ക് അവർ ഒട്ടുപാലിന്റെ വിലപോലും കൊടുത്തില്ല.
കർഷകരെയും തൊഴിലാളികളെയും കൂടുതൽ ചൂഷണം ചെയ്യാൻ സാധ്യതയുള്ള കിഴക്കൻ സംസ്ഥാനങ്ങളിലേക്കു ടയർ കന്പനികൾക്കൊപ്പം റബർബോർഡും വണ്ടികയറി. അങ്ങനെ, ഒരിക്കൽ കേരളത്തിന്റെ സാന്പത്തിക മുന്നേറ്റത്തിന്റെ ചാലകശക്തിയായിരുന്ന റബർകൃഷി ഏതാണ്ട് ഇല്ലാതായി. മറ്റു വരുമാനമില്ലാത്ത കർഷകർ, സർക്കാരുകൾ എന്തെങ്കിലും ചെയ്യുമെന്ന് കരുതി ഇപ്പോഴും കാത്തിരിക്കുകയാണ്, എംപിമാരും എംഎൽഎമാരുംപോലും തിരിഞ്ഞുനോക്കാത്തെ ഒടുവിലത്തെ റബർത്തോട്ടങ്ങളിൽ.
പെട്രോളിന്റെയും ഡീസലിന്റെയും വിലനിർണയം എണ്ണക്കന്പനികൾക്കു കൊടുത്ത് ജനങ്ങളെ കൊള്ളയടിക്കുകയും വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്തതുപോലെയുള്ള സർക്കാർ ചതിയാണ് രാജ്യത്തെ റബർ വിലയുടെ നിയന്ത്രണം പരോക്ഷമായി ടയർവ്യവസായികൾക്കു തീറെഴുതിയത്. കർഷകരെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ലാഭ നിർമാണത്തിനുള്ള അസംസ്കൃതവസ്തുവാക്കിയ പ്രക്രിയയിൽ കേരളത്തിലെ റബർ കർഷകരും പെട്ടിരിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ന്യായവില പ്രതീക്ഷിച്ച കർഷകരെയും റബർ വാങ്ങിക്കൂട്ടിയ വ്യാപാരികളെയും ഒരുപോലെ ടയർലോബി ചതിച്ചപ്പോൾ റബർബോർഡ് നോക്കുകുത്തിയായി നിന്നു. വ്യവസായികളുടെ താത്പര്യത്തിനനുസരിച്ച് വില താഴ്ത്തി പ്രഖ്യാപിക്കുകയാണ് റബർബോർഡ്.
അതതു മാസത്തെ ഇറക്കുമതി, കയറ്റുമതി, ഉത്പാദനത്തോത് എന്നിവ റബർബോർഡ് നാലു മാസമായി പ്രസിദ്ധീകരിക്കാത്തിനാൽ അതിന്റെ അടിസ്ഥാനത്തിൽ ഉത്പാദനം നിയന്ത്രിക്കാൻ കർഷകർക്കോ ഷീറ്റ് വാങ്ങാൻ വ്യാപാരികൾക്കോ കഴിഞ്ഞില്ല. അതേസമയം, ജൂൺമുതൽ മൂന്നു ലക്ഷം ടൺ റബർ ഇറക്കുമതി ചെയ്ത് ഗോഡൗണുകൾ നിറച്ച ടയർ കന്പനികൾക്ക് വിലയിടിക്കാനുമായി. ഈ മാസവും 60,0000 ടൺ റബർ ഇറക്കുമതി ചെയ്തു. അടുത്തമാസം 50,000 ടണ്ണിനു ഓർഡർ കൊടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. രണ്ടു മാസത്തേക്കെങ്കിലുമുള്ള റബർ ഇപ്പോൾ കന്പനികൾക്കു സ്റ്റോക്കുണ്ട്. വില ഇത്തിരിയെങ്കിലും കൂട്ടണമെങ്കിൽ വ്യവസായികൾ തീരുമാനിക്കണം. ആർക്കുവേണ്ടിയാണ് റബർബോർഡിനെക്കൊണ്ട് കേന്ദസർക്കാർ പണിയെടുപ്പിക്കുന്നതെന്നു ചോദിക്കാൻ ഒരൊറ്റ എംപിയോ എംഎൽഎയോ നമുക്കില്ല.
ഓഗസ്റ്റിൽ നേരിയ തോതിൽ വർധിച്ച് സെപ്റ്റംബറിൽ കിലോയ്ക്ക് 247 രൂപവരെ ഉയർന്ന റബറിന് ഒരു മാസത്തിനിടെ 60 രൂപവരെ കുറഞ്ഞു. നഷ്ടമായതുകൊണ്ട് ടാപ്പിംഗ് നിർത്തിവച്ചവർ വീണ്ടും തുടങ്ങിയതോടെ വിലയിടിച്ചു. ഇറക്കുമതിക്കാര്യം ബോർഡ് മറച്ചുവച്ചതിനാൽ കർഷകർ വില കൂടുമെന്ന പ്രതീക്ഷയോടെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്തു. രണ്ടാഴ്ച ടയർ വ്യവസായികൾ ഷീറ്റ് വാങ്ങിയില്ല. റബർബോർഡ് അനങ്ങിയില്ല. ഷീറ്റ് റബറാണ് വാണിജ്യപരമായി നേട്ടമുണ്ടാക്കുകയെന്നും ലാറ്റക്സിൽനിന്ന് ഷീറ്റ് ഉത്പാദനത്തിലേക്ക് തിരിയണമെന്നും റബർ ബോർഡ് കർഷകരെ ഉപദേശിച്ചപ്പോൾ വ്യവസായികൾ ഇറക്കുമതി നടത്തുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ പിന്തുണയില്ലാതെ റബർബോർഡിന് ഇങ്ങനെ പലവിധത്തിൽ വ്യവസായികളെ തീറ്റിപ്പോറ്റാൻ കഴിയില്ല.
പ്രധാനമായും ടയർ കന്പനികളാണ് സ്വഭാവിക റബര്‍ വാങ്ങുന്നത്. എംആര്‍എഫ്, സിയറ്റ്, അപ്പോളോ, ജെകെ, ബിര്‍ള എന്നിവയാണ് മുന്നിൽ. റബറിനു വിലയിടിക്കാനും ടയറിനു വില കൂട്ടാനും ഇവർ ഒറ്റക്കെട്ടാണ്. റബർ കർഷകരെയും ടയർ ഉപയോക്താക്കളെയും ഒരുപോലെ ചൂഷണം ചെയ്യുന്ന ഈ കന്പനികൾക്ക് ആകെയൊരു തിരിച്ചടിയുണ്ടായത് 2022ൽ മാത്രമാണ്. ടയർവില അനാവശ്യമായും സംഘടിതമായും കൂട്ടാൻ ശ്രമിച്ചതിനു കന്പനികൾക്കും അവരുടെ സംഘടനയായ ആത്മയ്ക്കും (ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ) കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 1788 കോടി രൂപയാണ് പിഴയിട്ടത്. എംആര്‍എഫിന് 622.09 കോടി, അപ്പോളോ ടയേഴ്സിന് 425.53 കോടി, സിയാറ്റിന്‍ 252.16 കോടി, ജെകെ ടയേഴ്സിന് 309.95 കോടി, ബിര്‍ള ടയേഴ്സിന് 178.33 കോടി, ആത്മയ്ക്ക് 8.4 ലക്ഷം എന്നിങ്ങനെയായിരുന്നു പിഴ.
ഓള് ഇന്ത്യ ടയര്‍ ഡീലേഴ്സ് ഫെഡറേഷൻ (എഐടിഡിഎഫ്) 10 വർഷം പോരാടിയതിന്റെ ഫലമായിരുന്നു ആ ഉത്തരവ്. പക്ഷേ, കന്പനികൾ അതിനെതിരേ നാഷണൽ കന്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിലും സുപ്രീംകോടതിയിലും പോയി. ഇതൊക്കെ ടയർ കന്പനികൾക്കു നടക്കും. പാവപ്പെട്ട കർഷകർക്ക് സർക്കാരുമില്ല, ജനപ്രതിനിധികളുമില്ല. അന്തർദേശീയ മാർക്കറ്റിൽ റബറിനു വിലയിടിയുന്പോൾ ആവശ്യത്തിന് ഇറക്കുമതി ചെയ്യുക, അവിടെ വില വർധിക്കുന്പോൾ ചൂഷണം ചെയ്യാൻ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ കർഷകരെ തയാറാക്കി നിർത്തുക. അതോടെ കേരളത്തിലെ റബർ കർഷകരുടെ ദയാവധം പൂർത്തിയാക്കുക എന്നതായിരിക്കാം ടയർലോബിയുടെ കുതന്ത്രം.
എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളിലുമായി കേരളത്തിലെ മറ്റെല്ലാ കൃഷികളെയും ഉപേക്ഷിച്ച് റബർ നടാൻ കർഷകരെ സാന്പത്തികസഹായം നൽകി പ്രേരിപ്പിച്ചത് റബർബോർഡാണ്. മറ്റു കൃഷികളും തെങ്ങ് ഉൾപ്പെടെയുള്ള വൃക്ഷങ്ങളുമെല്ലാം വെട്ടിനീക്കിയില്ലെങ്കിൽ സബ്സിഡി കിട്ടില്ലായിരുന്നു. മലബാറിലുൾപ്പെടെ നെൽ വയലുകൾപോലും നികത്തി റബർ കൃഷി തുടങ്ങി. നല്ല വില കിട്ടിയതോടെ കർഷകർക്കും അഭിവൃദ്ധിയുണ്ടായി. പക്ഷേ, മറ്റു കൃഷികളെ പ്രതികൂലമായി ബാധിച്ചു. കാലാവസ്ഥ വ്യതിയാനം, ഉത്പാദനക്കുറവ്, ടാപ്പിംഗ് തൊഴിലാളികളുടെ കുറവ്, ഉത്പാദനച്ചെലവിലെ വര്‍ധന, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവയെല്ലാം കർഷകർക്കു പ്രതികൂലമായപ്പോൾ ഒപ്പം നിൽക്കാൻ ഒരു സർക്കാരും ഉണ്ടായില്ല.
കർഷകരുടെ കാര്യത്തിൽ രാജ്യമൊട്ടാകെയുള്ള സ്ഥിതി! നെല്ല്, നാളികേരം, ഏലം, കുരുമുളക്, റബർ... കൃഷി ഏതുമാകട്ടെ നല്ല വിലയോ വില സ്ഥിരതയോ സംഭരണമോ താങ്ങുവിലയോ ഇല്ലാതെ എല്ലാം തകർന്നു. അതേസമയം, ഉത്പാദനച്ചെവും വളം-കീടനാശിനി വിലയും കൂലിയുമെല്ലാം വർധിച്ചു. കർഷകരുടെ മക്കളും മറ്റുജോലി തേടി സംസ്ഥാനവും രാജ്യവും വിടുകയാണ്. നാളെ ഭക്ഷണകാര്യത്തിലുൾപ്പെടെ കേരളം വലിയ വില കൊടുക്കേണ്ടിവരും.
എല്ലാം പഴയപടിയായില്ലെങ്കിലും പ്രകടനപത്രികയിൽ പറഞ്ഞിരുന്നതുപോലെ സംസ്ഥാന സർക്കാർ 250 രൂപയെങ്കിലും താങ്ങുവില നൽകിയാൽ റബർ കർഷകരെ വലിയൊരു ദുരന്തത്തിൽനിന്നു രക്ഷിക്കാനാകും. ഒളിവിലും മറവിലും ടയർലോബിക്കു പരോക്ഷമായി കൈമാറിയ വിലനിയന്ത്രണം കേന്ദ്രസർക്കാരിന്റെ പൂർണനിയന്ത്രണത്തിലാക്കുകയും ഇറക്കുമതി പരിമിതപ്പെടുത്തുകയും ചെയ്താൽ വലിയ മാറ്റമുണ്ടാകും. സർക്കാരുകൾ ഇതിനൊന്നും തയാറല്ലെങ്കിൽ, കേരളത്തിലെ റബർ കർഷകർക്കു ഇനി പ്രതീക്ഷിക്കാനൊന്നുമില്ലെങ്കിൽ അതു തുറന്നുപറയാനുള്ള ആർജവമെങ്കിലും കാണിക്കണം. അല്ലാതെ, ടയർ വ്യവസായികൾക്കു കൊള്ളയടിക്കാൻ വേണ്ടി മാത്രം, ഗതികെട്ട ഈ കർഷകരെ ഇനിയും തോട്ടങ്ങളിൽ നിർത്തരുത്.