പുരപ്പുറത്തേക്കു ചാഞ്ഞ അഴിമതിവൃക്ഷം
Monday, October 21, 2024 12:00 AM IST
ഓരോ ഫയലും ഓരോ ജീവിതമാണെന്ന ഉപദേശമൊന്നും കൈക്കൂലിയും അലസതയും സുഖജീവിതത്തിന്റെ ഭാഗമാക്കിയ സാമൂഹികവിരുദ്ധരെ മാനസാന്തരപ്പെടുത്തില്ല. അതിന് ഇച്ഛാശക്തിയുള്ള അധികാരികൾ വേണം.
ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതും അവരിൽ വളരെ ചെറിയൊരു വിഭാഗം അറസ്റ്റിലാകുന്നതുമൊന്നും നമുക്കു വാർത്തയല്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലും പലരും പിടിയിലായിട്ടുണ്ട്. സർക്കാരിൽനിന്നു ലഭിക്കേണ്ട ഒരു കാര്യം സാധിച്ചെടുക്കാൻ അർഹതയുള്ളവരും ഇല്ലാത്തവരുമെല്ലാം ഒരുപോലെ ഉദ്യോഗസ്ഥർക്കോ രാഷ്ട്രീയക്കാർക്കോ പണം കൊടുക്കേണ്ടിവരുന്നത് ദുർഭരണത്തിന്റെ ഫലമാണ്. കാരണം, കൈക്കൂലി ഇല്ലാതാക്കാൻ ഇച്ഛാശക്തിയും യോഗ്യതയുമുള്ള അഴിമതിമുക്ത സർക്കാരുകൾ ഇല്ല.
കൈക്കൂലി കൊടുത്തു കാര്യം സാധിക്കാൻ വിമുഖതയില്ലാത്ത, അതാണ് പ്രായോഗികബുദ്ധിയെന്നു കരുതുന്ന ജനവും രൂപപ്പെട്ടു. ഇതൊന്നും മാറില്ലെന്ന നിരാശയിൽ പെടാത്ത കുറച്ചു പേരെങ്കിലും മുന്നിട്ടിറങ്ങിയാൽ നാളെയെങ്കിലും മാറ്റമുണ്ടാകും. സാമൂഹികമാറ്റങ്ങൾ സാധ്യമാക്കുന്നത് അത്തരം കുറച്ചു മനുഷ്യരോ പ്രസ്ഥാനങ്ങളോ ആണല്ലോ. അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ ഒല്ലൂക്കര സ്പെഷൽ വില്ലേജ് ഓഫീസർ മുറ്റിച്ചൂർ പടിയത്ത് ഓലക്കോട്ടിൽ പി.എ. പ്രസാദ്, വില്ലേജ് അസിസ്റ്റന്റ് പുറനാട്ടുകര പൊങ്ങാക്കോട്ടിൽ ആശിഷ് എന്നിവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്.
പോലീസ് പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം വിട്ടുകിട്ടുന്നതിന് അനുകൂലമായ റിപ്പോർട്ട് തയാറാക്കാൻ അഞ്ചര ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസിൽ 50,000 രൂപ കൈമാറുന്നതിനിടെയാണ് കുടുങ്ങിയത്.അട്ടപ്പാടി ട്രൈബൽ താലൂക്ക് സർവേയർ, അഞ്ചൽ സ്വദേശി ഹസ്കർ ഖാനെ കഴിഞ്ഞ ദിവസം പിടിച്ചത് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്. ഭൂമി തരം മാറ്റാനാണ് ഹസ്കർ കൈക്കൂലി ആവശ്യപ്പെട്ടത്. ഈ മാസംതന്നെയാണ്, 75,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) കരുനാഗപ്പള്ളി സ്വദേശി എൽ. മനോജിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. മൂന്നാറിലെ ഒരു ഹോട്ടലിനു യോഗ്യതാപത്രം അനുവദിക്കാനാണ് സുഹൃത്തിന്റെ ഡ്രൈവറായ രാഹുൽ രാജിന്റെ ഗൂഗിൾ പേ വഴി ഡോ. മനോജ് പണം സ്വീകരിച്ചതെന്ന് വിജിലൻസ് പറയുന്നു.
കൈക്കൂലി ആരോപണം ഉയർന്നതിനു പിന്നാലെ കഴിഞ്ഞ ദിവസം സർവീസിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട ഡോ. മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് നടപടിക്ക് സ്റ്റേ വാങ്ങിയിരുന്നു. തിരികെ സർവീസിൽ പ്രവേശിച്ച ദിവസംതന്നെയാണ് വീണ്ടും കൈക്കൂലി വാങ്ങിയത്. രാഹുൽ രാജും അറസ്റ്റിലാണ്. മൂന്ന് വർഷത്തിനിടെ രണ്ട് കോടിയിലധികം രൂപ രാഹുൽ രാജിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി വിജിലൻസിന്റെ പരിശോധനയിൽ കണ്ടത്തിയെന്നാണ് റിപ്പോർട്ട്. പണം അയച്ചവരുടെ വിവരങ്ങൾ പരിശോധിക്കുകയാണ് വിജിലൻസ്. ഡിഎംഒയുടെ അക്കൗണ്ടിലേക്ക് രാഹുൽ രാജ് പണം അയച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
കൈക്കൂലിക്കേസിൽ ഈ മാസം അറസ്റ്റിലായവരെക്കുറിച്ചുള്ള കാര്യമാണ് ഇവിടെ പറഞ്ഞത്. പക്ഷേ, ഇതിന്റെ ആയിരമിരട്ടി പിടിക്കപ്പെടാത്തതുണ്ട്. മാത്രമല്ല, കൈക്കൂലിക്കേസുകളില്‍ വിജിലന്‍സ് പിടികൂടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരുവര്‍ഷത്തിനകം ജോലിയില്‍ തിരിച്ചുകയറുകയും ജോലി ചെയ്യാതിരുന്ന കാലത്തെ ശന്പളവും കൈപ്പറ്റുകയും ചെയ്യും. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കൈക്കൂലിക്കേസില്‍ അറസ്റ്റിലായ 134 പേരും തിരികെ ജോലിയില്‍ കയറി. നിലവില്‍ ഉദ്യോഗസ്ഥര്ക്കെതിരേ 1,613 കേസുകളില്‍ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ അന്തിമഫലവും മറ്റൊന്നാകാനിടയില്ല. ഈ സാഹചര്യത്തിൽ കൈക്കൂലിക്കാർക്ക് എന്താണു പേടിക്കാനുള്ളത്?
സെക്രട്ടേറിയറ്റ്, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ... എല്ലായിടത്തും അഴിമതി നിറഞ്ഞു. പല ഉദ്യോഗസ്ഥരും ജോലിസ്ഥലത്തുവച്ചോ നേരിട്ടോ ആയിരിക്കില്ല കൈക്കൂലി വാങ്ങുന്നത്. ഗതികെട്ടവന്റെ ചികിത്സയ്ക്കും മരണാസന്നനായവന്റെ ശസ്ത്രക്രിയയ്ക്കും മുന്‍പ് കൈക്കൂലി കൈപ്പറ്റുന്ന ഡോക്ടർമാരും, കടം വാങ്ങി വീടു പണിയാനോ സംരംഭം തുടങ്ങാനോ എത്തുന്നവന്റെ കുത്തിനു പിടിച്ചു കാശുവാങ്ങുന്ന ഉദ്യോഗസ്ഥരുമൊക്കെ അഴിമതി നിറഞ്ഞ സർക്കാരിന്റെ ഭാഗമാണ്. അഴിമതിയില്ലാത്ത സർക്കാർ നിലവിൽ വരുന്നൊരു കാലമുണ്ടായാൽ അന്നു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥരുമുണ്ടാകും.
ജീവിതത്തിൽ ഒരിക്കലെങ്കിലും കൈക്കൂലി കൊടുക്കാത്തവരുടെ ഒരു വീടെങ്കിലും കേരളത്തിലുണ്ടോയെന്ന് സർക്കാർ സർവേ നടത്തണം. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതിനുശേഷം നേതാക്കളുടെ സന്പാദ്യത്തിലുണ്ടായ വർധന ഓരോ പാർട്ടിയും പരിശോധിക്കട്ടെ. അപ്പോൾ മനസിലാകും ഈ അധോലോക സംസ്കാരത്തിന്റെ കാരണഭൂതർ ആരൊക്കെയാണെന്ന്. കൈക്കൂലി ആരോപണങ്ങളിൽ പെട്ടും, വിരമിച്ചശേഷം സർക്കാരിൽനിന്നു കൈപ്പറ്റുന്ന സ്ഥാനമാനങ്ങളുടെ സംശയസാഹചര്യങ്ങൾകൊണ്ടും ജുഡീഷറിയും സംശയനിഴലിലായ നമ്മുടെ രാജ്യം ലോക അഴിമതിപ്പട്ടികയിൽ തലകുനിച്ചു നിൽക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. ട്രാൻസ്പരൻസി ഇന്റർനാഷണൽ പുറത്തിറക്കിയ 2023ലെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 180ൽ 93.
വിവരസാങ്കതികവിദ്യ വിജയകരമായി മുന്നേറുന്ന കാലത്ത് കൈക്കൂലി തടയുന്നത് വിഷമമുള്ള കാര്യമല്ല. സാധ്യമായ സേവനങ്ങളെല്ലാം ഓൺലൈനിലൂടെ മാത്രം നടത്തിക്കൊടുക്കണം. ഓഫീസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ആളുകൾ നേരിട്ടു സമീപിക്കുന്ന രീതിക്കു പകരം ഏകജാലക സംവിധാനത്തിലൂടെ കാര്യങ്ങൾ നടത്തിക്കൊടുക്കണം. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ പിന്നീട് ജോലിയിലുണ്ടാകരുത്. മതൃകാപരമായ ശിക്ഷയും ഉറപ്പാക്കണം. അഴിമതിക്കാർക്ക് യൂണിയന്റെയും രാഷ്ട്രീയക്കാരുടെയും സംരക്ഷണം ഉണ്ടാകരുത്.
സ്വകാര്യ സ്ഥാപനങ്ങളിലേതുപോലെ സർക്കാർ ഓഫീസുകളും തൊഴിൽമികവ് പുലർത്തണം, നിശ്ചിത സമയത്ത് ജോലി പൂർത്തിയാക്കിയില്ലെങ്കിൽ മറുപടി പറയാൻ ജീവനക്കാരൻ ബാധ്യസ്ഥനാകണം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന ഉപദേശമൊന്നും കൈക്കൂലിയും അലസതയും സുഖജീവിതത്തിന്റെ ഭാഗമാക്കിയ സാമൂഹികവിരുദ്ധരെ മാനസാന്തരപ്പെടുത്തില്ല. അതിന് ഇച്ഛാശക്തിയുള്ള അധികാരികൾ വേണം. സാമൂഹിക മാറ്റത്തിനായി വ്യക്തികളും സംഘടനകളും മുന്നോട്ടു വരണം. അഴിമതിവിരുദ്ധരെന്ന് അവകാശപ്പെടുകയും തങ്ങൾ ഭാഗമായിരിക്കുന്ന പാർട്ടിയുടെയോ പ്രസ്ഥാനത്തിന്റെയോ അഴിമതിക്കു കവചമൊരുക്കുകയും ചെയ്യുന്നവരുടെ രാഷ്ട്രീയ പ്രഹസനങ്ങളല്ല ഉദ്ദേശിച്ചത്.
തനിക്കെതിരേയുള്ള കൈക്കൂലി ആരോപണത്തിനു പിന്നാലെ ജീവനൊടുക്കിയ നവീൻ ബാബുവിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചവരിലും സംസ്കാരത്തിൽ പങ്കെടുക്കാനെത്തിയവരിലും എത്രയോ പേർ കൈക്കൂലിക്കാരാണ്! യഥാർഥ ചൂഷകവർഗം സർക്കാർ ഓഫീസുകളിലെ കൈക്കൂലിക്കാരാണ്. അവരെ തുരത്താൻ സർക്കാർ അശക്തമാണെങ്കിൽ ജനമുന്നേറ്റമുണ്ടാകണം. രാഷ്ട്രീയവളം വലിച്ച് കേരളത്തിന്റെ യശസിനു മുകളിലേക്കു ചാഞ്ഞ കൈക്കൂലിയെന്ന വടവൃക്ഷം വെട്ടിവീഴ്ത്തുകതന്നെ വേണം. കേരളത്തിന് അത് അസാധ്യമല്ല.