വ്യാജപ്രവാചകരെ തോൽപ്പിച്ച ജനവിധി
Wednesday, October 9, 2024 12:00 AM IST
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെന്നപോലെ വ്യാജപ്രവചനങ്ങളെ ജനം അസാധുവാക്കി. കാഷ്മീരിന്റെയും ഹരിയാനയുടെയും മനസ് വായിക്കാനാകാതെ വിഡ്ഢിവേഷമണിഞ്ഞവരിൽ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളുമുണ്ട്.
ഹരിയാനക്കാർ ബിജെപിയെയും കാഷ്മീരികൾ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തെയും തെരഞ്ഞെടുത്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെന്നപോലെ വ്യാജപ്രവാചകർക്ക്, ഭാവി പറയുന്ന ‘പക്ഷിശാസ്ത്ര’ക്കാരുടെ ശാസ്ത്രീയതപോലുമില്ലായിരുന്നെന്നു തെളിഞ്ഞു. കാഷ്മീരിന്റെയും ഹരിയാനയുടെയും മനസ് വായിക്കാനാകാതെ വിഡ്ഢിവേഷമണിഞ്ഞവരിൽ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളുമുണ്ട്.
ബിജെപിയുടെ കണക്കുകൂട്ടൽപോലും തെറ്റിച്ചുകൊണ്ട് ഹരിയാനയിൽ അവർ തുടർച്ചയായി മൂന്നാം തവണ അധികാരത്തിലെത്തി. തൂക്കുസഭയെന്ന തെരഞ്ഞെടുപ്പനന്തര പ്രവചനങ്ങൾ തെറ്റിച്ച് കോൺഗ്രസ്-നാഷണൽ കോൺഫറൻസ് മുന്നണി കാഷ്മീരിൽ അധികാരത്തിലെത്തുകയും ചെയ്തു. ജനാധിപത്യത്തിന്റെ പരമാധികാരികൾ വോട്ടർമാരാണെന്ന് ഹരിയാനക്കാരും കാഷ്മീരികളും പറഞ്ഞത് ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികൾക്കു വേണമെങ്കിൽ പാഠമാക്കാം.
ഗുസ്തിക്കാരുടെ നാടായ ഹരിയാന ആ മെയ്വഴക്കം തെരഞ്ഞെടുപ്പു ഗോദയിലും കാണിക്കുമെന്ന് മത്സരിച്ച പാർട്ടിക്കാർ പോലും കരുതിയില്ല. ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന പ്രവചനങ്ങൾ യാഥാർഥ്യത്തിന്റെ ഏഴയലത്തുപോലും എത്തിയില്ല. വോട്ടെണ്ണൽ തുടങ്ങി അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കോൺഗ്രസിനു കേവല ഭൂരിപക്ഷം ലഭിക്കുന്ന സൂചനകൾ വന്നിരുന്നു.
കോൺഗ്രസ് 63, ബിജെപി 17 എന്നിങ്ങനെയായിരുന്നു ലീഡ്. അതു കണ്ട് ഹരിയാനയിലും ഡൽഹിയിലും ആഘോഷത്തിനിറങ്ങിയ കോൺഗ്രസുകാർക്ക് പക്ഷേ, ഏറെ വൈകാതെ തിരിച്ചു കയറേണ്ടിവന്നു. അപ്പോഴേക്കും ബിജെപിക്കാർ ആഹ്ലാദാരവങ്ങളുമായി തെരുവിലിറങ്ങി. പിന്നെ ബിജെപിക്കു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കോൺഗ്രസിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾ ഹരിയാനയിൽ ദയനീയമായി പിഴച്ചു. കർഷകസമരത്തിനിറങ്ങിയവർ തങ്ങൾക്കൊപ്പമാണെന്ന കണക്കുകൂട്ടലായിരുന്നു പ്രധാനമായും കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന്റെ അടിത്തറ.
ഹരിയാനയിലെ ഭരണവിരുദ്ധ വികാരവും ഗുസ്തി താരങ്ങളെ ബിജെപി അപമാനിച്ചതും അഗ്നിവീർ പദ്ധതിയിലെ നീരസവും തൊഴിലില്ലായ്മയുമൊക്കെ അനുകൂല ഘടകങ്ങളായി കോൺഗ്രസ് കണക്കുകൂട്ടി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 10 ലോക്സഭാ സീറ്റുകളും തൂത്തുവാരിയ ബിജെപിയിൽനിന്നു 2024ൽ അഞ്ചു സീറ്റുകൾ കോൺഗ്രസ് തിരികെപ്പിടിച്ചത് ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു. പക്ഷേ, മാസങ്ങൾക്കകം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ ആരുടെയും ബാങ്കല്ലെന്നു വോട്ടർമാർ തെളിയിച്ചു. ബിജെപിയിലെ വിമതശല്യം പാർട്ടിക്കു ചെറിയ ക്ഷീണമുണ്ടാക്കിയപ്പോൾ മറുവശത്ത്, 89 സീറ്റുകളിലും തനിച്ചു മത്സരിച്ച ‘ഇന്ത്യ’ സഖ്യത്തിലെ ആം ആദ്മി പാർട്ടി കോൺഗ്രസിനും ക്ഷീണമായി.
എഎപിക്കു നേട്ടമുണ്ടായില്ലെങ്കിലും നേരിയ വോട്ടിനു തോറ്റ മണ്ഡലങ്ങളിൽ കോൺഗ്രസിനു കോട്ടമായി. കൂട്ടായ വിജയത്തേക്കാൾ തനിച്ചുള്ള നേട്ടങ്ങൾക്കുവേണ്ടിയുള്ള പരക്കംപാച്ചിൽ ആത്മഹത്യാപരമായി. അതുപോലെ, ഹരിയാനയിലെ വോട്ടുശതമാനത്തിൽ കോൺഗ്രസ് ബിജെപിയുമായി ഒപ്പത്തിനൊപ്പമാണെന്ന യാഥാർഥ്യം ഇരു പാർട്ടികൾക്കും മുന്നറിയിപ്പുമാണ്.
കേന്ദ്രഭരണത്തിൽനിന്നു സംസ്ഥാനഭരണത്തിലേക്ക് കാഷ്മീർ വീണ്ടുമെത്തുകയാണ്. 2019 ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകിവന്നിരുന്ന 1954ലെ ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
2019 ഒക്ടോബർ 31ന് അതു പ്രാബല്യത്തിലായതോടെ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും കാഷ്മീരിനും ബാധകമായി. തുടർന്ന് നിരോധനാജ്ഞയും ഇന്റർനെറ്റ് നിരോധനവും തീവ്രവാദവിരുദ്ധ നടപടികളുമൊക്കെ പതിവായി. ബിജെപിക്ക് ഒപ്പം കാഷ്മീരിൽ അധികാരം പങ്കിട്ട പിഡിപി നേതാവ് മെഹബൂബ മുഫ്തി, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള തുടങ്ങിയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയതും പുതിയൊരു കാഷ്മീർ കെട്ടിപ്പടുക്കാനാണെന്നാണ് ബിജെപി പറഞ്ഞത്.
തീവ്രവാദത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനും ഭൂമിയിലെ സ്വർഗമായ കാഷ്മീരിലേക്കു വിനോദസഞ്ചാരികളെ ആകർഷിക്കാനുമൊക്കെ സാധിക്കുകയും ചെയ്തു. പക്ഷേ, എല്ലാം വോട്ടായില്ല. അതുപോലെ, കാഷ്മീർ താഴ്വരയിൽ നാഷണൽ കോൺഫറൻസ് തൂത്തുവാരിയെങ്കിലും ജമ്മു മേഖലയിൽ സഖ്യകക്ഷിയായ കോൺഗ്രസിന് അത്ര നേട്ടമുണ്ടാക്കാനായില്ല. അഞ്ചു വർഷത്തിനുശേഷം കാഷ്മീർ വീണ്ടും സംസ്ഥാന ഭരണത്തിലാകുന്പോൾ മുഖ്യമന്ത്രിയാകാൻ നിയോഗം നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയ്ക്കാണ്. തീവ്രവാദ വിരുദ്ധതയും വികസനവും ഒരുപോലെ കൊണ്ടുപോകാൻ പുതിയ സർക്കാരിനു കഴിയട്ടെ.
വോട്ടിനുവേണ്ടി ബിജെപി നടത്തിയിട്ടുള്ള മതധ്രുവീകരണത്തെ എതിർത്തിട്ടുള്ള കോൺഗ്രസ്, കാഷ്മീരിന്റെ ഏറ്റവും വലിയ പ്രതിസന്ധി പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദമാണെന്ന യാഥാർഥ്യം, വോട്ടിനുവേണ്ടിയും നാഷണൽ കോൺഫറൻസുമായുള്ള സഖ്യത്തിന്റെ പേരിലും മറന്നുകളയരുത്.
കാഷ്മീരിലെ നേട്ടം മറ്റിടങ്ങളിലെ നഷ്ടമാക്കി മാറാതിരിക്കാൻ ജാഗ്രതയുണ്ടാകണം. കാഷ്മീരും ഹരിയാനയും എന്നതിനേക്കാൾ ഇന്ത്യയുടെ ജനാധിപത്യ-മതേതര ഭരണഘടനയും വികസനവും സമാധാനവുമാണ് വലുതെന്ന് എല്ലാ പാർട്ടികളെയും ഓർമിപ്പിക്കാൻ ജനങ്ങളുടെ കൈയിൽ ആകെയുള്ളത് വോട്ടാണ്. ഹരിയാനക്കാരുടെയും കാഷ്മീരികളുടെയും തീരുമാനത്തെ അധികാരത്തിലെത്തുന്നവർ മാനിക്കുക.