‘ശുഭയാത്ര’യ്ക്കിടെ കുഴഞ്ഞുവീഴുന്നവർ
Wednesday, September 25, 2024 12:00 AM IST
ടിക്കറ്റെടുത്ത് ട്രെയിനിൽ കയറുന്ന യാത്രക്കാർ തിരക്കിൽപ്പെട്ടു കുഴഞ്ഞുവീഴുന്പോൾ കണ്ടുകണ്ടങ്ങനെ ഇരിക്കുകയാണ് സംസ്ഥാന സർക്കാരും 20 എംപിമാരും.
കാലുകുത്താൻ ഇടമില്ലാതെ വേണാട് എക്സ്പ്രസിൽ യാത്ര ചെയ്യേണ്ടിവന്ന യാത്രക്കാരിൽ രണ്ടുപേർ കുഴഞ്ഞുവീണെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്നാണ് റെയിൽവേ പറയുന്നത്. പക്ഷേ, യാത്രക്കാർ പറയുന്നത് വേണാടിൽ ഉൾപ്പെടെ തിരക്കുള്ള ട്രെയിനുകളിൽ യാത്രക്കാർ തളർന്നുവീഴുന്നത് അപൂർവമല്ലെന്നാണ്. റെയിൽവേയെ കരിവാരിത്തേക്കുകയാണോ പരാതിക്കാരുടെ ഉദ്ദേശ്യമെന്ന് അറിയാൻ ഉന്നത ഉദ്യോഗസ്ഥർതന്നെ ഇപ്പറയുന്ന ട്രെയിനുകളുടെ ജനറൽ കംപാർട്ട്മെന്റുകളിൽ കുറച്ചുദിവസം യാത്ര ചെയ്താൽ മതിയല്ലോ; പറ്റുമെങ്കിൽ കുടുംബസമേതം.
അപ്പോൾ പ്രായമായവരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വിഷമങ്ങൾകൂടി അറിയാമല്ലോ. ട്രെയിനിൽ ശുഭയാത്രയാണെന്നു പറയേണ്ടത് ഉദ്യോഗസ്ഥരല്ലല്ലോ, യാത്രക്കാരല്ലേ? തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് പിറവം റോഡ് പിന്നിട്ടപ്പോഴാണ് രണ്ടു വനിതകൾ കുഴഞ്ഞുവീണതെന്നു യാത്രക്കാർ പറഞ്ഞു. ഉടന്‍തന്നെ സഹയാത്രികര്‍ പ്രഥമശുശ്രൂഷ നല്കി. തിരുവനന്തപുരത്തുനിന്നു പുലര്‍ച്ചെ 5.25ന് പുറപ്പെടുന്ന ട്രെയിന്‍ പലപ്പോഴും ഏറെ വൈകിയാണു ഷൊര്‍ണൂരില്‍ എത്തുന്നത്.
വന്ദേഭാരത് ഉൾപ്പെടെയുള്ളവയ്ക്കുവേണ്ടി ട്രെയിൻ പിടിച്ചിടുന്നത് മുളന്തുരുത്തിയിൽനിന്നു തൃപ്പൂണിത്തുറയിലേക്കു മാറ്റുകയെങ്കിലും ചെയ്താൽ ആശ്വാസമാണെന്നാണ് യാത്രക്കാർ പറയുന്നത്. തൃപ്പൂണിത്തുറ സ്റ്റേഷനിലാണെങ്കിൽ യാത്രക്കാർക്ക് ഇറങ്ങി നിൽക്കുകയോ മെട്രോയെയോ ബസുകളെയോ ആശ്രയിക്കുകയോ ചെയ്യാം. തിരക്കേറിയ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ട്രെയിന്‍ പിടിച്ചിടാത്ത തരത്തില്‍ സമയം പുനഃക്രമീകരിക്കണമെന്നും മെമു സര്‍വീസ് ആരംഭിക്കണമെന്നുമാണ് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.
പരാതികള്‍ വസ്തുതാപരമല്ലെന്നാണ് റെയില്‍വേ തിരുവനന്തപുരം ഡിവിഷന് അറിയിച്ചത്. ഒരു ദിവസം പിടിച്ചിട്ട മിനിറ്റുകളുടെ വ്യത്യാസം പറഞ്ഞു തർക്കിച്ചല്ല റെയിൽവേ ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കേണ്ടത്. മിക്കവാറും ദിവസങ്ങളിൽ ട്രെയിൻ പിടിച്ചിടാറുണ്ടോ, നിന്നുതിരിയാൻ ഇടമില്ലാതെയാണോ യാത്ര, ട്രെയിനുകൾ പിടിച്ചിടുന്ന സ്ഥലമോ സ്റ്റേഷനോ മാറ്റിയാൽ ജനങ്ങൾക്കു ഗുണകരമാകുമോ, ബോഗികളോ ട്രെയിനോ വർധിപ്പിക്കാതെ എത്രകാലം ഇങ്ങനെ മുന്നോട്ടു പോകാനാകും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് റെയിൽവേ പ്രസ്താവനയിറക്കേണ്ടത്.
ഓണക്കാലത്ത് മംഗലാപുരം, ബംഗളൂരു ട്രെയിനുകളുടെ ജനറൽ കംപാർട്ട്മെന്റുകളിൽ യാത്ര ചെയ്തവരുടെ ദുർഗതി പറഞ്ഞാൽ മനസിലാകില്ല. നിൽക്കാൻപോലും ഇടമില്ലായിരുന്നു. ലഗേജ് വയ്ക്കുന്ന തട്ടിലും ശുചിമുറിയിലുമൊക്കെ യാത്രക്കാർ തിങ്ങിനിറഞ്ഞു. ശുദ്ധവായുപോലും ലഭിക്കാതായതോടെ കരയുന്ന കുഞ്ഞുങ്ങളും എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന മാതാപിതാക്കളുമൊക്കെ ദയനീയ കാഴ്ചയായിരുന്നു.
തിരക്കിന്റെ കാര്യത്തിൽ ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ കാര്യമായ വ്യത്യാസമൊന്നുമില്ല. റിസർവ് ചെയ്ത സീറ്റുപോലും കിട്ടുമെന്ന് യാതൊരുറപ്പുമില്ല. ഉത്തരേന്ത്യയിൽ എസി കംപാർട്ട്മെന്റുകളിൽപോലും അനധികൃതമായി കയറിക്കൂടുന്നവർ സീറ്റുകൾ കൈയടക്കും. റെയിൽവേ സുരക്ഷാസേനാംഗങ്ങൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ നീക്കം ചെയ്യാൻ ടിടിഇമാരും മടിക്കുകയാണ്.
സൗജന്യമായി കൊണ്ടുപോകുന്ന അഭയാർഥികളല്ല, ടിക്കറ്റെടുത്ത് കയറിയ യാത്രക്കാരാണ് ട്രെയിനുകളിൽ ഉള്ളതെന്നു റെയിൽവേ തിരിച്ചറിയണം. മുതിർന്ന പൗരന്മാർക്കുൾപ്പെടെ കോവിഡിനു മുന്‍പുണ്ടായിരുന്ന ഇളവുകൾ റെയിൽവേ പിൻവലിച്ചതു പുനഃസ്ഥാപിക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ, എല്ലാവർക്കും 55 ശതമാനം ഇളവ് നൽകുന്നുണ്ടെന്നായിരുന്നു പാർലമെന്റിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ മറുപടി. ഇത്തരം ഇളവുകൾ പിൻവലിച്ചതോടെ റെയിൽവേയ്ക്ക് നാലു വർഷത്തിനിടെ ലഭിച്ചത് 5,800 കോടി രൂപയാണെന്ന് 2023 ഏപ്രിലിലെ വിവരാവകാശ രേഖകൾ പറയുന്നു. മറ്റൊരു കണക്കുകൂടി റെയിൽവേയെ ഓർമിപ്പിക്കേണ്ടതുണ്ട്.
ബുക്ക് ചെയ്തതും വെയിറ്റിംഗ് ലിസ്റ്റിലുള്ളതുമായ ടിക്കറ്റുകൾ കാൻസൽ ചെയ്ത വകയിൽ റെയിൽവേയ്ക്കു 2019-22 കാലത്ത് ലഭിച്ചത് 6,297 കോടി രൂപയാണെന്നു വിവരാവകാശ രേഖയെ അടിസ്ഥാനമാക്കി 2023 ഫെബ്രുവരിയിൽ മാധ്യമറിപ്പോർട്ടുണ്ടായിരുന്നു. സാങ്കേതികവിദ്യകൾ ഓൺലൈൻ ബുക്കിംഗ് നിസാരമാക്കിയ കാലത്ത് കൊടുക്കാത്ത സീറ്റിന്റെ പേരിലും യാത്രക്കാരനു പിഴയീടാക്കുന്ന ജനസേവനം! റെയിൽവേയുടെ ലാഭത്തിന്റെയും യാത്രക്കാരുടെ നഷ്ടത്തിന്റെയും ബുക്കിംഗാണ് മഹാനവമി, ക്രിസ്മസ് കാലത്തേക്കായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ റെയിൽവേ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ ആധികാരികമായി പഠിച്ച് റെയിൽവേ മന്ത്രാലയത്തെ രേഖാമൂലം അറിയിക്കാൻ ഒരു വിദഗ്ധസമിതിയെ നിയമിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ഗൗരവമായി ചിന്തിക്കണം. ഏതാനും ആഡംബര ട്രെയിനുകളുടെ പൊങ്ങച്ചങ്ങളും പ്ലാറ്റ്ഫോമുകളിലെ സെൽഫി പോയിന്റുകളുമല്ല, കോടിക്കണക്കിനു യാത്രക്കാരുടെ ദുരിതങ്ങളാണ് ഇന്ത്യൻ റെയിൽവേയുടെ വർത്തമാനകാല യാഥാർഥ്യം. കേരളത്തിന്റെ കാര്യം പറഞ്ഞാൽ, ഇതൊക്കെ കണ്ടുകണ്ടങ്ങനെ ഇരിക്കുകയാണ് സംസ്ഥാന സർക്കാരും 20 എംപിമാരും.