അപചയങ്ങളാകുന്ന സിപിഎം ശരികള്‍
Tuesday, September 10, 2024 12:00 AM IST
ഭരണപക്ഷ എംഎല്‍എയുടെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍, സിനിമാ വിഗ്രഹങ്ങളെ ഉടച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകളെപ്പോലും പിന്നിലാക്കിയിരിക്കുന്നു. ഉദ്യോഗസ്ഥരുടെ കുറ്റകൃത്യങ്ങളും രാഷ്ട്രീയത്തിലെ അവിശുദ്ധ ബാന്ധവങ്ങളുമൊക്കെ ശരിയാണെങ്കില്‍ ഭയപ്പെടേണ്ട സ്ഥിതിയാണ്. എല്ലാം ശരിയാകണമെങ്കില്‍ എല്‍ഡിഎഫ് പോകണമെന്നായോ?
മലിനമായ രാഷ്ട്രീയവും ഭരണവും ജനാധിപത്യത്തെ എത്രയധികം പരിക്കേല്പ്പിക്കുന്നുവെന്ന തിരിച്ചറിവ് നല്‍കുന്നതാണ് കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍. അതു തെറ്റാണെങ്കില്‍ ആരോപണമുന്നയിച്ച നേതാവ് ഉള്‍പ്പെടുന്ന രാഷ്ട്രീയം ചെളിക്കുഴിയിലാണ്.
ശരിയാണെങ്കില്‍ ഉദ്യോഗസ്ഥന് ഉള്‍പ്പെടുന്ന ഭരണയന്ത്രവും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയവും ഈ സംസ്ഥാനത്തു നടത്തുന്നതു ക്രമസമാധാനപാലനമോ സുതാര്യഭരണമോ അല്ല, അധോലോക പ്രവര്‍ത്തനമാണ്. വാദിയും പ്രതിയും പരസ്പരം പറഞ്ഞുതീര്‍ത്ത് കൈകൊടുത്ത് പിരിയേണ്ട കാര്യമല്ല അത്. നിയമാനുസൃതം കൈകാര്യം ചെയ്യേണ്ടതാണ്.
കാരണം, ആരോപണങ്ങളില്‍ സ്വര്‍ണക്കടത്തും അഴിമതിയും കൊള്ളയും കൊലപാതകവും മാത്രമല്ല, ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തെ വിപ്ലവ-വര്‍ഗീയ കൂട്ടുകെട്ടുകളും ജനവഞ്ചനയുമുണ്ട്. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറാണ്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്. അജിത്കുമാര്‍ കുപ്രസിദ്ധ കുറ്റവാളിയാണെന്നും മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്നും ഇതിലൊക്കെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കു പങ്കുണ്ടെന്നും വെളിപ്പെടുത്തിയത്.
മലപ്പുറം എസ്പി ഓഫീസിലെ മരം മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ നല്കിയ പരാതി പിന്‍വലിക്കണമെന്ന് മുമ്പ് മലപ്പുറം പോലീസ് മേധാവിയായിരുന്ന പത്തനംതിട്ട എസ്പി സുജിത് ദാസ് കേണപേക്ഷിക്കുന്ന ശബ്ദരേഖയും എംഎല്‍എ പുറത്തുവിട്ടു.
സുജിത് ദാസിനും അജിത്കുമാറിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും അതിന്റെ പേരില്‍ അജിത്കുമാര്‍ ആളെ കൊല്ലിച്ചിട്ടുണ്ടെന്നും അന്‍വര്‍ വെളിപ്പെടുത്തി. ഇതിനുശേഷമാണ് അജിത്കുമാര്‍ ആര്‍എസ്എസ് ദേശീയ നേതാവ് ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്നും തൃശൂര്‍ പൂരം കലക്കാന്‍ ഗൂഢാലോചന നടത്തി ബിജെപി സ്ഥാനാര്‍ഥിക്കു ജയിക്കാന്‍ സാഹചര്യമൊരുക്കിയെന്നുമുള്ള ആരോപണങ്ങള്‍ പുറത്തുവന്നത്.
ആര്‍എസ്എസ് നേതാവിനെ കണ്ടിട്ടുണ്ടെന്ന് അജിത്കുമാര്‍ സമ്മതിക്കുകയും ചെയ്തു. ഈ വിവരം സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല! തിരുവനന്തപുരത്ത് ആര്‍എസ്എസ് നേതാവ് റാം മാധവുമായും അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തി.
ഗുരുതര ആരോപണങ്ങളില്‍പ്പെട്ട അജിത്കുമാറിനെ നിലനിര്‍ത്തിയതും മുഖ്യമന്ത്രിക്കുമേല്‍ സംശയം വര്‍ധിപ്പിച്ചു. ആര്‍എസ്എസ് ബന്ധം പ്രതിപക്ഷത്തിനുമേല്‍ നിരന്തരം ഉന്നയിക്കുന്ന മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമാണെന്നു തെളിയിക്കേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
തൃശൂര്‍ ലോക്സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ജയിച്ചത് സിപിഎം ഒത്തുകളിയിലൂടെയാണെന്ന് യുഡിഎഫും, കോണ്‍ഗ്രസ് ഒത്തുകളിയിലൂടെയാണെന്ന് സിപിഎമ്മും ആരോപണം ഉന്നയിച്ചിരുന്നു. ലാവ്ലിന് കേസിന്റെ കാര്യത്തില്‍ ബിജെപിയുടെ പിന്തുണ നേടാനാണ് സിപിഎം ബിജെപിയെ ഒളിഞ്ഞു സഹായിക്കുന്നതെന്ന ഗുരുതര ആരോപണവും ഉണ്ടായിരുന്നു.
അന്‍വറിന്റെ വെളിപ്പെടുത്തലോടെ കുന്തമുന സിപിഎമ്മിനും കൃത്യമായി മുഖ്യമന്ത്രിക്കും നേരേയായിക്കഴിഞ്ഞു. ഉന്നതസ്ഥാനത്തുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരിക്കലും രാഷ്ട്രീയത്തിൽ ഇടപെടാനോ രാഷ്ട്രീയക്കളികൾക്കു കൂട്ടുനിൽക്കാനോ അവകാശമില്ല. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയാനുള്ള അവകാശം സിപിഎം പ്രവര്‍ത്തകര്‍ക്കു മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങൾക്കെല്ലാമുണ്ട്.
ഇതുവരെയുള്ള ആരോപണങ്ങള്‍ പറയുന്നത്, അത്യന്തം മലീമസമായ രാഷ്ട്രീയത്തെ സിപിഎം ആശ്ലേഷിച്ചിരിക്കുന്നു എന്നുതന്നെയാണ്. മുഖ്യമന്ത്രി മുന്നിലാണു നില്‍ക്കുന്നത്. പഴയ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്, മാസപ്പടി കേസുകളില്‍ പുരണ്ട അഴുക്കുകള്‍ കഴുകിക്കളഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റല്ല വേണ്ടത്.
വിലക്കയറ്റവും ജീവിതച്ചെലവും കാര്‍ഷികമേഖലയുടെ തകര്‍ച്ചയും മദ്യവും മയക്കുമരുന്നും ഗുണ്ടായിസവും അഴിമതിയും മാര്‍ക്ക് വിവാദവും പിന്‍വാതില്‍ നിയമനവുമൊക്കെ പിന്നോട്ടടിച്ച കേരളത്തിലെ ജനങ്ങള്‍ക്കു മുന്നിലാണ് ചുവപ്പുകര്ട്ടനുയര്ത്തി പുതിയ അസംബന്ധ നാടകം.
പുത്തന്‍ കുറ്റകൃത്യങ്ങള്‍ മാത്രമല്ല, വടകരയിലെ വിവാദ ‘കാഫിര്‍’ പരാമര്‍ശത്തില്‍ സംശയനിഴലിലായ സിപിഎമ്മിന്റെ തൃശൂര്‍ പങ്കും കഴമ്പുള്ളതാണോയെന്നറിയണം. കേരളത്തിലെ ബിജെപി അക്കൗണ്ടിലെ ആദ്യനിക്ഷേപം ആരുടേതാണെന്നറിയണമല്ലോ. എങ്കില്‍ മാത്രമേ, സ്വാര്ഥതാത്പര്യങ്ങള്ക്കുവേണ്ടിയുള്ള രാഷ്ട്രീയ വിട്ടുവീഴ്ചകളും മതേതര ജനാധിപത്യത്തിനുണ്ടായ നഷ്ടവും തിരിച്ചറിയാനാകൂ.
രാഷ്ട്രീയാപചയത്തിന്റെ ചെളിക്കുഴിയില്‍ മാത്രമേ ഉദ്യോഗസ്ഥ വിഷവൃക്ഷങ്ങള്‍ തഴച്ചുവളരുകയുള്ളൂ. ഒരു വൃക്ഷം വീണാല്‍ മറ്റൊന്ന്. പക്ഷേ, അപചയങ്ങളെയും ശരികളെയും തിരിച്ചറിയാനാവാത്ത നിലയിലാണ് സിപിഎം. ഇപ്പോഴത്തെ വെളിപ്പെടുത്തലുകളില്‍ കേന്ദ്ര-സംസ്ഥാന അന്വേഷണങ്ങള്‍ പ്രഹസനമാകുമെങ്കില് കോടതി നിരീക്ഷിക്കട്ടെ.