ക്ഷേമമെന്നു സർക്കാർ, ദ്രോഹമെന്ന് ആദിവാസികൾ
Saturday, August 24, 2024 12:00 AM IST
ആദിവാസികൾക്കു കൊടുത്ത സൗജന്യ ഭക്ഷ്യക്കിറ്റിൽ നിരോധിച്ച സാധനങ്ങൾ. ഉപയോഗിച്ച പലരും ആശുപത്രിയിലായെങ്കിലും അന്വേഷണമില്ല. അവരതു സർക്കാരിനുതന്നെ തിരിച്ചുകൊടുത്തിരിക്കുന്നു.
തങ്ങളുടെ ഊരുകളിൽ വിതരണം ചെയ്ത ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യക്കിറ്റ് കഴിഞ്ഞദിവസം ആദിവാസികൾ തിരികെക്കൊടുത്തപ്പോൾ, കേരളം സിനിമാരംഗത്തെ വിവാദമായ അണിയറക്കഥകളിലേക്ക് ഒരു ക്രൈം ത്രില്ലറിലേക്ക് എന്നപോലെ നോക്കിയിരിക്കുകയായിരുന്നു. അതിനാൽ ശ്രദ്ധിക്കപ്പെട്ടില്ല.
മാത്രമല്ല, ആദിവാസികളുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റെ ഉള്ളത്തെ അത്രയങ്ങ് ഉലയ്ക്കാറുമില്ല. അതറിയാവുന്ന സർക്കാരും അനങ്ങിയില്ല. വറുതിയുടെ കാലത്ത് ആദിവാസികൾ പട്ടിണി കിടക്കാതിരിക്കാനാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. പക്ഷേ, അതുപയോഗിച്ച നിരവധിപ്പേർ ആശുപത്രിയിലായി. രണ്ടു മാസമായിട്ടും ഒരു നടപടിയുമില്ല.
ഇതിൽ പ്രതിഷേധിച്ചാണ് ആദിവാസി നേതാക്കൾ തൊടുപുഴയിലെ ജില്ലാ പട്ടികവർഗ ഓഫീസിലെത്തി ഭക്ഷ്യവസ്തുക്കൾ സഞ്ചിയോടെ തിരികെ കൊടുത്തത്. സ്വന്തം വീട്ടിലേക്ക് ഒരുദ്യോഗസ്ഥനും വാങ്ങാൻ തയാറാകാത്തത്ര മോശം സാധനങ്ങൾ എങ്ങനെയാണ് ആദിവാസികൾക്കു പൊതിഞ്ഞുകെട്ടി കൊടുത്തത് എന്നറിയണം. പട്ടിണിക്കഞ്ഞിയിൽ കൈയിട്ടു വാരിയവരുണ്ടെങ്കിൽ അഴിയെണ്ണിക്കണം.
ജൂണിലാണ് തൊടുപുഴ താലൂക്കിലെ വെണ്ണിയാനി, മൂലക്കാട്, പൂച്ചപ്ര, കരിപ്പിലങ്ങാട് ഉൾപ്പെടെയുള്ള ആദിവാസി ഊരുകളിൽ മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് കിറ്റ് വിതരണം ചെയ്തത്. അതിലെ എണ്ണ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കഴിച്ച ഒന്നര വയസുള്ള കുഞ്ഞിനുൾപ്പെടെ അറുപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.
തുടർന്ന് റീജണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ എണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന റിപ്പോർട്ടും ലഭിച്ചു. 2018ൽ ഭക്ഷ്യവകുപ്പ് നിരോധിച്ച കേരസുഗന്ധി, കേരശക്തി എന്നീ പേരുകളിലുള്ള വെളിച്ചെണ്ണയാണ് കിറ്റിൽ ഉണ്ടായിരുന്നത്. ചെറുപയറും കടലയുമൊക്കെ ഗുണനിലവാരമില്ലാത്തതായിരുന്നു.
കടല തിന്ന പശുക്കൾപോലും ചത്തുപോയെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്. 11 രൂപ വിലയുള്ള സോപ്പിന്റെ ലേബൽ മാറ്റി 25 രൂപയാക്കിയാണ് വിതരണം ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രി, പട്ടികവർഗമന്ത്രി, ജില്ലാ കളക്ടർ എന്നിവർക്കു പരാതി നൽകി രണ്ടു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതോടെയാണ് ആദിവാസി ഊരുമൂപ്പന്മാർ സമരത്തിനിറങ്ങിയത്. മിനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചവർ ഭക്ഷ്യവസ്തുക്കൾ ജില്ലാ പട്ടികവർഗ ഓഫീസിലെത്തി തിരികെ നൽകി.
അതു വിതരണം ചെയ്തവർക്കെതിരേ നടപടി സ്വീകരിക്കുക, ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിൽ കഴിഞ്ഞവർക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സമരം. ആദിവാസി ഊരുകളിൽ വർഷത്തിൽ മൂന്നു തവണയാണ് മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്യുന്നത്.
ഐടിഡിപി വകുപ്പ്, എസ്സി-എസ്ടി ഫെഡറേഷനാണ് ക്വട്ടേഷൻ കൊടുക്കുന്നത്. ഇവരാണ് സ്വകാര്യ ഏജൻസികൾക്ക് കരാർ നൽകുന്നത്. ഇവർ ട്രൈബൽ ഓഫീസർമാർ, ഊരുമൂപ്പന്മാർ എന്നിവർ മുഖേന ആദിവാസി കുടുംബങ്ങളിൽ ഭക്ഷ്യസാധനങ്ങൾ എത്തിക്കും. മുന്പ് ത്രിവേണി ഉത്പന്നങ്ങൾ വിതരണം ചെയ്ത സ്ഥാനത്താണ് ഇപ്പോൾ സ്വകാര്യ കന്പനികളുടെ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഇവയിൽ പലതും തട്ടിക്കൂട്ട് കന്പനികളാണെന്നാണ് സമരക്കാർ പറയുന്നത്.
ആദിവാസിക്ഷേമത്തിന്റെയും സംരക്ഷണത്തിന്റെയും പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികൾ ചെലവഴിക്കുന്പോഴാണ് അവർക്കിടയിൽ ദാരിദ്ര്യവും പോഷകാഹാരക്കുറവും പട്ടിണിയും അകാലമരണവുമൊക്കെ വ്യാപകമാകുന്നത്. ഒരൊറ്റ പദ്ധതിപോലും അഴിമതിയില്ലാതെ നടത്താനായിട്ടില്ല.
നിരവധി പദ്ധതികൾ നടപ്പാക്കുകയും കോടികൾ ചെലവഴിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പൂർണമായി ഫലം കാണുന്നില്ലെന്നു പട്ടികവർഗ ക്ഷേമ മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ പറഞ്ഞത് കഴിഞ്ഞ വർഷമാണ്. സർക്കാർ പരാജയങ്ങളുടെ ഏറ്റുപറച്ചിലാണത്. കോടികൾ ചോരുന്നുണ്ടെങ്കിൽ അഴിമതിയുണ്ടാകുമല്ലോ.
എത്ര പേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? രാജ്യമെങ്ങും ഇതാണവസ്ഥ എന്നതുകൊണ്ട് കേരളവും അതു തുടരണമെന്നില്ല. ഇടുക്കി സംഭവത്തിൽ ബന്ധപ്പെട്ടവരെക്കൊണ്ട് ഉത്തരം പറയിക്കണം. അല്ലെങ്കിൽ ആദിവാസികളും ദളിതരുമൊക്കെ വരുന്ന നൂറ്റാണ്ടിലും ഇങ്ങനെ കൈനീട്ടി നിൽക്കേണ്ടിവരും; അഴിമതിക്കാർക്കു മുന്നിൽ.