സ്വാതന്ത്ര്യത്തിന്റെ പോരാട്ടസ്മരണ
Thursday, August 15, 2024 12:00 AM IST
സ്വാതന്ത്ര്യം വിലപ്പെട്ടതാണ്. പക്ഷേ, അതിനെ സാധ്യമാക്കിയ സമാനതകളില്ലാത്ത ഐക്യപോരാട്ടമാണ് നമ്മെ ഒരു ജനതയാക്കിയത്. സ്വാതന്ത്ര്യത്തേക്കാൾ വിലയേറിയ സ്വാതന്ത്ര്യസമരം... ഓർമകളുണ്ടായിരിക്കണം.
ഇന്നു സ്വാതന്ത്ര്യദിനമാണ്. പൊരുതി നേടിയ സ്വാതന്ത്ര്യമാണോ, അതിനായി നടത്തിയ പോരാട്ടമാണോ വിലപ്പെട്ടത് എന്നുകൂടി ചോദിക്കേണ്ടതാണ്. 1947 ഓഗസ്റ്റ് 14ലെ അർധരാത്രിയിൽ ദേശീയപതാകയേന്തി തെരുവിൽ ആർത്തലച്ചവർക്ക് സ്വാതന്ത്ര്യമായിരുന്നു വലുത്.
കാരണം അടിമച്ചങ്ങലയുടെ, അപ്പോഴുമുണങ്ങാത്ത വടുക്കൾ അവരുടെ കാലുകളിലുണ്ടായിരുന്നു. രണ്ടു നൂറ്റാണ്ടോളം വൈദേശികാധിപത്യത്തിന്റെ നിന്ദകളേറ്റ അവർ തങ്ങളുടെ ശരീരത്തെയും മനസിനെയും ഗ്രസിച്ച ആത്മനിന്ദയുടെ പടം പൊഴിച്ച രാത്രിയായിരുന്നു അത്. 77 സംവത്സരങ്ങൾ കടന്നുപോയി.
ചോദ്യം നമ്മുടെ മുന്നിലാണ്; സ്വാതന്ത്ര്യാസ്വാദകരുടെ മുന്നിൽ. സ്വാതന്ത്ര്യത്തിനുവേണ്ടി ആയുധമെടുക്കാതെ ഇങ്ങനെയൊരു സമരം ഭൂമിയിൽ നടന്നെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പലർക്കുമാകുന്നില്ല.
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിക്കുകാരനും ജൈനനും ദളിതനും കറുത്തവനും വെളുത്തവനുമൊക്കെ ഒന്നിച്ചു നിന്നു പൊരുതുകയോ? നായകനോ; അർധനഗ്നനായൊരു ഫക്കീർ; ഗാന്ധിയെന്നു പേര്. സങ്കൽപിച്ചു നോക്കൂ... ഒന്നിച്ചൊരു പോരാട്ടം ഇനി സാധ്യമാണോ? കൈകൾക്കൊപ്പം മനസ് കോർക്കാനാകുന്നുണ്ടോ? സ്വാതന്ത്ര്യം വിലപ്പെട്ടതാണ്.
പക്ഷേ, അതിനെ സാധ്യമാക്കിയ സമാനതകളില്ലാത്ത ഐക്യപോരാട്ടമാണ് നമ്മെ ഒരു ജനതയാക്കിയത്. സ്വാതന്ത്ര്യത്തേക്കാൾ വിലയേറിയ സ്വാതന്ത്ര്യസമരം.1942 ഓഗസ്റ്റ് എട്ടിന് മുംബൈയിൽ എഐസിസി സമ്മേളനത്തിലാണ് ഇന്ത്യയെ അടക്കിഭരിച്ചിരുന്ന ബ്രിട്ടീഷുകാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ട ‘ക്വിറ്റ് ഇന്ത്യ’ പ്രമേയം പാസാക്കിയത്.
പ്രമേയം ചർച്ച ചെയ്യുന്നതിനു മുന്പ്, തനിക്കു ചില കാര്യങ്ങൾ പറയാനുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് ഗാന്ധിജി പ്രസംഗം തുടങ്ങിയത്. അതിൽ അദ്ദേഹം പറഞ്ഞു: “സ്വാതന്ത്ര്യത്തിനുവേണ്ടി ഇത്ര ശുദ്ധമായൊരു ജനാധിപത്യസമരം ലോകചരിത്രത്തിൽ വേറെയില്ല.
കാർലൈൽ ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് എഴുതിയത് ഞാൻ വായിച്ചിട്ടുണ്ട്. ജയിലിലായിരുന്നപ്പോൾ പണ്ഡിറ്റ് ജവഹർലാൽ എന്നോടു റഷ്യൻ വിപ്ലവത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. പക്ഷേ, എന്റെ ബോധ്യം, അതെല്ലാം അക്രമത്തെ ആയുധമാക്കിയുള്ള പോരാട്ടങ്ങളായിരുന്നു എന്നാണ്. ജനാധിപത്യത്തിന്റെ മൂല്യങ്ങളെ തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെട്ടു.
ഞാൻ വിഭാവനം ചെയ്ത ജനാധിപത്യം അഹിംസയിൽ അടിയുറച്ചതും എല്ലാവർക്കും തുല്യ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുമാണ്. അത്തരമൊരു ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുക്കാനാണ് ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നത്.
ഒരിക്കൽ അതു ബോധ്യമായാൽ പിന്നെ ഒരു പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെന്നല്ലാതെ, ഹിന്ദുവെന്നോ മുസ്ലിമെന്നോ നിങ്ങൾ ചിന്തിക്കുകയില്ല.” ആ പ്രസംഗത്തിന് അഞ്ചു വർഷവും ഏഴു ദിവസവും പൂർത്തിയായപ്പോൾ ഇന്ത്യ സ്വാതന്ത്ര്യം നേടി. സത്യത്തിൽ അവിടെ ഒരു യുഗം അവസാനിക്കുകയായിരുന്നു.
പിന്നീടുണ്ടായത്, ഇന്ത്യ ഐക്യം കൈവിടുന്ന കാഴ്ചയാണ്. ഭൗതികനേട്ടങ്ങൾ ഏറെയുണ്ടായെങ്കിലും മതഭ്രാന്തിന്റെ വിഴുപ്പുഭാണ്ഡങ്ങളുമായി നാം പിന്നോട്ടു സഞ്ചരിച്ചു. ഒന്നിച്ചു നേടിയ സ്വാതന്ത്ര്യത്തെ മതത്തിന്റെ പേരിൽ വീതംവച്ച് രണ്ടു രാജ്യങ്ങളായി പിരിഞ്ഞു.
അഹിംസ പഠിപ്പിച്ച നായകനെ വെടിവച്ചു വീഴ്ത്തി. കൊലയാളിയായ ഗോഡ്സെ എന്ന ഹിന്ദു മതഭ്രാന്തൻ ഒരു വ്യക്തിയല്ലെന്ന് കാലം തെളിയിച്ചു. എല്ലാ മതങ്ങളിലും അയാൾ പുനർജനിച്ചു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം ഇപ്പോൾ അധികാരത്തിനുവേണ്ടിയായി.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ കെട്ടുകെട്ടിച്ചവർ ഭൂരിപക്ഷവും ന്യൂനപക്ഷവുമായി വഴിപിരിഞ്ഞു. അവയിൽതന്നെ ഏറ്റുമുട്ടുന്ന വ്യത്യസ്ത മതങ്ങളും ജാതികളുമായി വീണ്ടും ഒറ്റപ്പെട്ട തുരുത്തുകൾ... സായിപ്പിനെ കെട്ടുകെട്ടിച്ചതിലും ദുഷ്കരമായിരിക്കുന്നു തീവ്രവാദത്തിൽനിന്നും വർഗീയതയിൽനിന്നുമുള്ള സ്വാതന്ത്ര്യസമരം.
പക്ഷേ, അത് അനിവാര്യമായിരിക്കുന്നു. അതേക്കുറിച്ച് ആലോചിക്കാൻ ഇതാണു സമയം. എല്ലാവർക്കും സ്വാതന്ത്ര്യദിനത്തിന്റെ ആശംസകൾ!