ഐക്യദാർഢ്യത്തിനും ഔചിത്യം വേണം
Tuesday, August 13, 2024 12:00 AM IST
ഓണത്തിനു നഷ്ടപ്പെടുന്നതൊന്നും തിരിച്ചുകിട്ടില്ല. ഐക്യദാർഢ്യത്തിന്റെ പേരിൽ മത്സരങ്ങളും ആഘോഷങ്ങളുമൊക്കെ തടഞ്ഞ് ആളുകളെ വീട്ടിലിരുത്തിയാൽ സമസ്ത മേഖലകളിലും കഞ്ഞികുടി മുട്ടും.
വയനാട്ടിലെ ഉരുൾപൊട്ടലിന്റെ ആഘാതത്തിൽനിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. മരണം മഴപോലെ പെയ്ത ദിവസങ്ങളിൽ കണ്ണീരു മാത്രമല്ല, കൈയിലുള്ളതും കൊടുത്ത് ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ വയനാടിനെ നെഞ്ചോടു ചേർത്തവരാണു നമ്മൾ. ഈ കഷ്ടകാലത്തെയും നമുക്ക് അതിജീവിക്കേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ, ഓണാഘോഷങ്ങളെ വയനാട് ദുരന്തപശ്ചാത്തലത്തിൽ ഒഴിവാക്കുന്നത് യാഥാർഥ്യബോധത്തോടെ ചർച്ച ചെയ്യാൻ ഒരു നിമിഷം വൈകരുത്. മുൻകൂട്ടി നിശ്ചയിച്ച ആഘോഷങ്ങൾക്കു പിന്നിൽ നിരവധി മനുഷ്യരുടെ സ്വപ്നങ്ങളും അധ്വാനവും സാന്പത്തികച്ചെലവുമുണ്ട്. അവയൊക്കെ വീണ്ടുവിചാരമില്ലാതെ റദ്ദാക്കിക്കളയുന്നത് ഐക്യദാർഢ്യമല്ല, അവിവേകമാണ്.
സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയെന്ന് ടൂറിസം മന്ത്രി പറഞ്ഞത്, വയനാടിനോടുള്ള ഐക്യദാർഢ്യമാണെന്നതിൽ സംശയമില്ല. പക്ഷേ, വയനാടിനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്ന കച്ചവടക്കാരും തൊഴിലാളികളും കലാകാരന്മാരും സംരംഭകരുമൊക്കെ ഒഴിവാക്കപ്പെടുന്ന ഓണാഘോഷങ്ങളുടെ ഭാഗമാണെന്നു മറക്കരുത്.
അവരുടെ ഏറെനാളത്തെ അധ്വാനത്തിനു ഫലം കിട്ടേണ്ട സമയത്ത് പരിപാടികൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നത് സർക്കാർനിർമിത ഉരുൾപൊട്ടലായി മാറരുത്. തിരുവനന്തപുരത്ത് സെപ്റ്റംബർ 13 മുതൽ 19 വരെ നടത്താനിരുന്ന ഓണം വാരാഘോഷം ഒഴിവാക്കി. ചാന്പ്യൻസ് ബോട്ട് ലീഗ് ഒഴിവാക്കുകയും നെഹ്റു ട്രോഫി വള്ളംകളി മാറ്റിവയ്ക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ ഓണം ഘോഷയാത്രയിൽ കഴിഞ്ഞവർഷം പങ്കെടുത്തത് മൂവായിരത്തോളം കലാകാരന്മാരാണ്. ഓണം മുന്നിൽകണ്ട് മാസങ്ങൾക്കുമുന്പേ പരിശീലനം നടത്തിയവർക്ക് സാന്പത്തികച്ചെലവുമുണ്ട്. അതൊക്കെ വീണ്ടുവിചാരമില്ലാതെ ഒഴിവാക്കുകയാണെങ്കിൽ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ചും സർക്കാർ വ്യക്തമാക്കണം.
സെപ്റ്റംബർ രണ്ടു മുതൽ 19 വരെ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടത്താനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മാറ്റിവയ്ക്കാത്തതുപോലെ സാധാരണക്കാരെ അതിജീവനത്തിനു സഹായിക്കുന്ന ആഘോഷങ്ങളും മുൻ നിശ്ചയപ്രകാരം നടത്തണം. പരീക്ഷകൾ മാറ്റിവയ്ക്കുന്നതുപോലെയല്ല, പാവങ്ങളുടെ വയറ്റത്തടിക്കുന്നത്.
ഓണം മേളകൾ, ചന്തകൾ, പ്രത്യേക വില്പന പ്രോത്സാഹന പദ്ധതികൾ, സംഭരണ-വിപണന പ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെ ഓണം വാരാഘോഷത്തിന്റെ ഭാഗമായിരുന്നു. ആളുകൾ നിരത്തിലിറങ്ങി വാങ്ങുകയും വിൽക്കുകയുമൊക്കെ ചെയ്യുന്പോൾ മറ്റു കച്ചവടക്കാർക്കും വരുമാനം കിട്ടും.
അവരൊക്കെ മാസങ്ങൾക്കു മുന്പേ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. കടം വാങ്ങി സാധനങ്ങൾ സംഭരിച്ച് ഓണത്തിനു കാത്തിരുന്നവരെ പെരുവഴിയിലാക്കരുത്. ലോകപ്രസിദ്ധമായ നെഹ്റു ട്രോഫിയുൾപ്പെടെയുള്ള വള്ളംകളികൾ ഒഴിവാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തതാണ് മറ്റൊരു പിടിപ്പുകേട്. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കി നടത്തപ്പെടുന്ന മത്സരമാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ).
ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു ട്രോഫിയിൽ തുടങ്ങി കൊല്ലം അഷ്ടമുടിക്കായലിലെ പ്രസിഡന്റ്സ് ട്രോഫിയിൽ അവസാനിക്കുന്ന 12 മത്സരങ്ങൾ അതിന്റെ ഭാഗമാണ്. 25 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക. നാടിന്റെ ഉത്സവമായി മാറുന്ന ഈ മത്സരങ്ങൾക്ക് മാസങ്ങൾക്കു മുന്പുതന്നെ ആയിരക്കണക്കിനാളുകൾ പരിശീലനം തുടങ്ങിയിരുന്നു.
മറ്റു ജില്ലകളിൽനിന്നും വിദേശത്തുനിന്നുമൊക്കെ തുഴച്ചിൽക്കാരെ എത്തിച്ച പല ക്ലബ്ബുകളും ഇപ്പോൾതന്നെ 30-40 ലക്ഷം രൂപയോളം ചെലവാക്കിക്കഴിഞ്ഞു. ആരോടു പറയും? 19 ചുണ്ടൻവള്ളങ്ങളടക്കം 74 വള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫിക്കുവേണ്ടി മാത്രം മത്സരിക്കാനിരുന്നത്. വിദേശ ടൂറിസ്റ്റുകളെപ്പോലും ആകർഷിക്കുന്ന നെഹ്റു ട്രോഫി വള്ളംകളി ആയിരക്കണക്കിന് മലയാളികളുടെ ഉപജീവനമാർഗംകൂടിയാണ്.
ഓണത്തിനു നഷ്ടപ്പെടുന്നതൊന്നും തിരിച്ചുകിട്ടില്ല. ആളുകൾ വീടുകളിലിരുന്ന് ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്ന കാലമാണ്. മത്സരങ്ങളും ആഘോഷങ്ങളുമൊക്കെ കാണാനിറങ്ങുന്നവരെ വീട്ടിലിരുത്തുന്പോൾ സമസ്ത മേഖലകളിലും കഞ്ഞികുടി മുട്ടും. സർക്കാരിന്റെ ഉത്തരവു കേട്ടല്ല മലയാളികൾ വയനാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
സാഹോദര്യത്തിന്റെ മാവേലിക്കാലം ഉള്ളിലുള്ളതുകൊണ്ടാണ്. ഒഴുകിയെത്തുന്ന ഓരോ ചില്ലിക്കാശും ദുരിതബാധിതർക്കു വൈകാതെയും ചോരാതെയും കൊടുക്കുന്നതാണ് അവരോടുള്ള ഐക്യദാർഢ്യം; അല്ലാതെ വയനാട്ടിലെ ദുരന്തം സംസ്ഥാന വ്യാപകമാക്കുന്നതിലല്ല.